ഫ്‌ളോറിഡ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതു മാസമായി കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ മടക്കയാത്ര വീണ്ടും നീളും. സാങ്കേതിക തകരാറിനെതുടർന്ന് അവസാന നിമിഷം സ്‌പേയ്‌സ് എക്‌സിന്റെ ഡ്രാഗൺ ക്രൂ പേടകത്തിന്റെ വിക്ഷേപണം മാറ്റി. നിലവിൽ 16ന് ഇവർ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ദൗത്യം മുടങ്ങിയതോടെ ഇത് നീളും. പുതിയ തിയതി അറിയിച്ചിട്ടില്ല.ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ അഞ്ചിന് കെന്നഡി സ്‌പേയ്‌സ് സെന്ററിൽനിന്ന് ഫാൽക്കൻ 9 റോക്കറ്റാണ് പേടകവുമായി വിക്ഷേപണത്തിനൊരുങ്ങിയത്. എന്നാൽ വിക്ഷേപണത്തിനു മുമ്പ് ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു.സുനിതയും സഹയാത്രികൻ ബുച്ച് വിൽമോറും കഴിഞ്ഞ ജൂൺ 5നാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലായിരുന്നു യാത്ര. യാത്രയ്‌ക്കിടെ ആശങ്ക വിതച്ച് പേടകത്തിന് ഗുരുതര തകരാർ ഉണ്ടായെങ്കിലും 6ന് നിലയത്തിൽ എത്താനായി. തുടർന്ന് എട്ട് മാസത്തോളം ഇവർ ബഹിരാകാശനിലയത്തിൽ കുടുങ്ങുകയായിരുന്നു. ബോയിങ് കമ്പനിയുടെ സ്റ്റാർ ലൈനർ പേടകത്തിന്റെ പരീക്ഷണ പറക്കലിലാണ് ഇരുവരും നിലയത്തിലേക്ക് പോയത്. 8 ദിവസം ദൈർഘ്യമുള്ള ഈ പരീക്ഷണ ദൗത്യം സ്റ്റാർ ലൈനർ പേടകത്തിന്റെ ഉപയോഗക്ഷമത പരീക്ഷിക്കാനുള്ളതായിരുന്നു.