എരുമേലി :വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാൻ സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുകയാണന്നും, പൂഞ്ഞാറിനെ മനുഷ്യ-വന്യമൃഗ സൗഹൃദ പ്രദേശമാക്കി മാറ്റും എന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ . എരുമേലി, മുണ്ടക്കയം കോരുത്തോട് പഞ്ചായത്തുകളിലെ ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റികളുടെ സംയുക്ത ആസ്ഥാനമായി വനം വകുപ്പിന് കീഴിൽ 1.31 കോടി രൂപ ചിലവഴിച്ച് രണ്ട് നിലകളിലായി പണികഴിപ്പിച്ച ഇ.ഡി. സി ഹാളിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി നിർവഹിച്ചു സംസാരിക്കുകയായിരുന്നു .പെരിയാർ ടൈഗർ റിസർവ്വിൻ്റെ പരിധിയിൽ വരുന്ന മേഖലകളിൽ രണ്ടു വർഷത്തിനിടയിൽ ഒരു മരണം പോലും വന്യജീവി ആക്രമണം മൂലമുണ്ടായിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഇവിടെ ഫലപ്രദമായി നടപ്പിലാക്കിയതിൻ്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു.
വന്യജീവിശല്യം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി വനം വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം നടപ്പിലാക്കിയ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പിനു ശേഷമുള്ള വിപണനോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിച്ചു .കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഐ.എസ്. സുരേഷ്ബാബു, വന്യജീവി വിഭാഗം ഫീൽഡ് ഡയറക്ടർ ആൻഡ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, പി.ടി.സി.എഫ്. ഗവേണിങ് ബോഡി അംഗം എം.കെ. ഷാജി, ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ്, എസ്.എ.പി.പി. കോൺഫെഡറേഷൻ ചെയർമാൻ ജോഷി ആന്റണി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബെന്നി മൈലാടൂർ, ടി.ഡി. സോമൻ, ഉണ്ണി രാജ്, ബിനോ ജോൺ ചാലക്കുഴി,വി.പി. സുഗതൻ, ഏയ്ഞ്ചൽവാലി ഇ.ഡി.സി. പ്രസിഡന്റ് സോജി വളയത്ത്, പെരിയാർ ഈസ്റ്റ് ഇ.ഡി.സി. അംഗം ഷാജി കുരിശുംമൂട്ടിൽ, എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ :പെരിയാർ ടൈഗർ റിസർവ് ഡിവിഷനിൽ പമ്പ റെയ്ഞ്ചിലെ ഏയ്ഞ്ചൽവാലിയിൽ നിർമിച്ച വനവിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു.
