മലപ്പുറം : മലപ്പുറം വെസ്റ്റ് കോഡൂരിൽ ബസ് ജീവനക്കാർ കൈയേറ്റം ചെയ്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പൊന്മള മാണൂർ സ്വദേശി തയ്യിൽ വീട്ടിൽ അബ്ദുൾ ലത്തീഫ് (49) ആണ് മരിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്നുപേരെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയിൽനിന്ന് അബ്ദുൾ ലത്തീഫിന്റെ ഓട്ടോയിലേക്ക് യാത്രക്കാർ കയറിയിരുന്നു. പിന്നാലെ വന്ന മഞ്ചേരി- തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ ഓട്ടോ തടഞ്ഞുവച്ച് ഇത് ചോദ്യംചെയ്തു. പിന്നാലെ വാക്കേറ്റവും കൈയേറ്റവും നടന്നു.പരിക്കേറ്റ അബ്ദുൾ ലത്തീഫ് ചികിത്സ തേടാനായി ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തി. ഇവിടെവച്ചാണ് കുഴഞ്ഞുവീണത്. പിന്നീട് മരണം സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.