മുംബൈ : മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. മുംബൈ-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. ലോണേവാലയിൽ നിന്ന് റെയിൽവേ പൊലീസാണ് വിദ്യാർഥികളെ കണ്ടെത്തിയത്. നിലവിൽ ആർ.പി.എഫിന്റെ സംരക്ഷണയിലാണ് കുട്ടികൾ. ഇവരെ തിരിച്ചെത്തിക്കാനായി കേരള പൊലീസ് സംഘം ലോണേവാലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാത്രിയോടെ പെൺകുട്ടികളെ തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായതെന്ന് പൊലീസ് അറിയിച്ചു. എടവണ്ണ സ്വദേശിയായ റഹിം അശ്ലം എന്നയാളുടെ നമ്പറിലേക്ക് പെൺകുട്ടികൾ വിളിച്ചത് നിർണായകമായി. പെൺകുട്ടികളെ ഇയാൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടെന്നാണ് വിവരം.
ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സ്കൂൾ പരിസരത്തുനിന്ന് ഇവരെ കാണാതാകുന്നത്. മുംബെയിലെ മലയാളി നടത്തുന്ന ബ്യൂട്ടിപാർലറിൽ ഇവരെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുംബൈ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവർ രക്ഷപ്പെട്ടിരുന്നു.