കണ്ണിനും മനസ്സിനും കുളിർമയേകി മൂന്നാറിൽ വയലറ്റ് വസന്തം; ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിട്ടു

മൂന്നാർ :  മൂന്നാറിന് ഓരോ കാലത്തും ഒരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയുമെങ്കിൽ ഫെബ്രുവരി അവസാനത്തോടെ വയലറ്റ് വസന്തത്തിന് തുടക്കമാകും. നീലാകാശത്തിനും പച്ചപരവതാനി വിരിച്ച തേയിലത്തോട്ടത്തിനും നടുവിലായി കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റ് നിറം ഇടം പിടിക്കും. ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിടുന്ന കാലം. തേയിലത്തോട്ടങ്ങൾക്ക് നടുവിലും അതിരിട്ടുനിൽക്കുന്ന പാതയോരങ്ങളിലും കൂട്ടമായി പൂവിട്ടുനിൽക്കുന്ന ജക്കറാന്ത മരങ്ങൾ കാണാൻ മുടങ്ങാതെ വർഷാവർഷമെത്തുന്ന സഞ്ചാരികളുമുണ്ട്.
വേനലവധി കാലത്ത് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഈ വയലറ്റ് വസന്തമാണ്. സൂര്യശോഭയിൽ നീലാകാശത്തിന് താഴെ ജക്കറാന്തകൾ പൂത്തുലഞ്ഞുനിൽക്കുന്നത് കാണാനാണ് ഏറെ ഭം​ഗി. നിരവധി പൂമരങ്ങൾ ഒരോരോ കാലത്തും മൂന്നാറിന് അഴകുവിരിക്കാറുണ്ടെങ്കിലും ഈ നീല വാകയ്ക്ക് ആരാധകർ ഏറെയാണ്.
ജക്കറാന്ത മിമിസിഫോളിയ എന്ന ശാസ്ത്രനാമമുളള ഈ പൂമരം സ്പാത്തോഡിയ കുടുംബാംഗം തന്നെയാണ്. ബ്രീട്ടീഷുകാർ ഹൈറേഞ്ചിന്റെ മണ്ണിൽ തേയില പാകിയതിനൊപ്പം തണൽമരമായി ഈ നീലവാകയെയും മൂന്നാറിന്റെ മലമുകളുകളിലെത്തിച്ചിരുന്നു. കൊതുക് പടർത്തുന്ന രോ​ഗങ്ങളിൽ നിന്ന് രക്ഷനേടുന്നതിനാണ് കൊതുകിനെ തുരത്താൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജക്കറാന്തകളെ മൂന്നാറിലെത്തിച്ചതെന്നും പഴമക്കാർ പറയാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!