കണമല: കാട്ടിൽനിന്നു വല്ലംതോട് കടന്ന് പമ്പയാറ് കയറിവരുന്ന കുട്ടിക്കൊമ്പനെക്കൊണ്ട് കണമലക്കാർ മടുത്തു.കഴിഞ്ഞ ദിവസം രാത്രിയിൽ കണമല പാറക്കടവിലെ രണ്ട് കർഷകരുടെ കൃഷികൾ നശിപ്പിച്ച് നാട്ടുകാരെ ഭീതിയിലാക്കിയത് അഞ്ചു മണിക്കൂറാണ്. കഴിഞ്ഞ ഒരു വർഷമായി കുട്ടിക്കൊമ്പൻ ഈ പ്രദേശങ്ങളിൽ ചുറ്റിത്തിരിയുകയാണ്. ഓരോ പറമ്പിലും കൃഷികൾ തകർത്ത് വിളകൾ അകത്താക്കും. ഒച്ചവച്ച് ഓടിച്ചാൽ അടുത്ത കൃഷിയിടത്തേക്ക് പോകും. അങ്ങനെ വനാതിർത്തിയിലെ കൃഷിയിടങ്ങൾ നശിപ്പിച്ച് സുഭിക്ഷമായി വനത്തിന്റെ സമീപം കഴിയുകയാണ് കുട്ടിക്കൊമ്പൻ.
പമ്പാവാലി, പാറക്കടവ്, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി എന്നിവിടങ്ങളിലാണ് കുട്ടിക്കൊമ്പന്റെ വിളയാട്ടം. ഇതിനോടകം നിരവധി പേരുടെ കൃഷികൾ നശിപ്പിച്ചു. ആനയെ തുരത്താനും നഷ്ടപരിഹാരം ലഭിക്കാനും വനംവകുപ്പിൽനിന്ന് നടപടികളുണ്ടാകുന്നില്ല.
ഫെൻസിംഗ് പ്രശ്നമല്ല
കഴിഞ്ഞ ദിവസം രാത്രി പാറക്കടവ് പുതിയാപറമ്പിൽ ടോം പി. സ്കറിയ, അയൽവാസി മേച്ചേരിതകടിയിൽ ഏബ്രഹാം ജോസഫ് എന്നിവരുടെ കൃഷികൾ തകർത്തത് ഫെൻസിംഗ് നശിപ്പിച്ചാണ്. ടോം പി. സ്കറിയ സ്വന്തം ചെലവിൽ പറമ്പിൽ സ്ഥാപിച്ച ഫെൻസിംഗ് തകർത്താണ് കുട്ടിക്കൊമ്പൻ കൃഷിസ്ഥലത്തേക്ക് പ്രവേശിച്ചത്. വൈദ്യുതി ഷോക്ക് ഏൽക്കാതെ ബുദ്ധിപൂർവമാണ് ഉണങ്ങിയ മരക്കൊമ്പ് വച്ച് ഫെൻസിംഗ് അടിച്ചു തകർത്തത്. ശക്തമായി ഉറപ്പിച്ചുവച്ച ഫെൻസിംഗ് ബുഷുകൾ വേർപെടുത്തി ലൈൻ കമ്പികൾ തകർത്ത് ആന കൃഷിയിടത്തിലേക്ക് കയറുന്നത് ടോം പി. സ്കറിയയും കുടുംബവും ഭീതിയോടെയാണ് നോക്കിനിന്നത്. കൃഷികൾ ചവിട്ടിമെതിച്ച് വിളകൾ കഴിച്ചശേഷം തൊട്ടടുത്ത ഏബ്രഹാം ജോസഫിന്റെ കൃഷിയിടത്തിലേക്ക് കയറി. ഇവിടെയും സംഹാരതാണ്ഡവം നടത്തി. രാത്രി എട്ടോടെ എത്തിയ ആന മടങ്ങിയത് അർധരാത്രി പിന്നിട്ട് ഒരുമണി കഴിഞ്ഞപ്പോഴാണ്.
കൃഷിയിടങ്ങളിൽ വൻ നാശം
ടോം പി. സ്കറിയയുടെ 25 കമുക്, കൊക്കോ, പച്ചക്കറി, കുലച്ചതും കുലയ്ക്കാത്തതുമായ 50 വാഴ എന്നിങ്ങനെ അര ഏക്കറിലെ കൃഷികൾ പൂർണമായും നശിപ്പിച്ച നിലയിലാണ്. ഏബ്രഹാം ജോസഫിന്റെ കുലച്ച 25 വാഴ, കമുക് എന്നിവ നശിപ്പിച്ചു. ഒരുകാലത്ത് കൃഷി കൊണ്ട് ചരിത്രം സൃഷ്ടിച്ച കണമലയിൽ ഇപ്പോൾ കൃഷി ഉണ്ടെങ്കിൽ വന്യമൃഗങ്ങൾ മൂലം ജീവൻ വരെ പോകുമെന്ന അവസ്ഥയിലാണ്. ആനകളും പന്നികളും വരുന്നത് കൃഷി തിന്നാൻ വേണ്ടിയാണ്. വാഴകൃഷി ഉണ്ടെങ്കിൽ കുല ആകുമ്പോൾ ആനകൾ എത്തിയിരിക്കും. കപ്പ നട്ടാൽ പന്നികൾ അകത്താക്കും. എപ്പോൾ വേണമെങ്കിലും കാട്ടുപോത്തുകൾ എത്താം. രണ്ടു കർഷകരെ വീട്ടുമുറ്റത്തും കൃഷിയിടത്തിലും വച്ച് കാട്ടുപോത്തുകൾ ആക്രമിച്ച് കൊലപ്പെടുത്തിയ ദാരുണ സംഭവം നാടിന്റെ പേടിസ്വപ്നമായി തുടരുകയാണ്.
അനങ്ങാതെ വനംവകുപ്പ്
മൃഗങ്ങളെ കാട്ടിലേക്ക് വിടാൻ വനപാലകർക്ക് ചെയ്യാൻ കഴിയുന്നത് നാട്ടുകാർ ചെയ്യുന്നതു പോലെ ഒച്ച വയ്ക്കുക മാത്രമാണ്. ആളപായം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധങ്ങൾ മുൻനിർത്തി ഫെൻസിംഗ് സ്ഥാപിക്കും. എന്നാൽ, ഫെൻസിംഗ് മറികടക്കാൻ കഴിയുന്ന നിലയിൽ വിശേഷബുദ്ധി ഉപയോഗിക്കുന്ന ആനകളാണ് ഏറെയുമെന്ന് കണമലയിൽ കട നടത്തുന്ന കയ്യൂന്നുപാറ ഷാജി പറയുന്നു. വനത്തിൽ തീറ്റയും വെള്ളവും സുലഭമാണെങ്കിൽ മൃഗങ്ങൾ കാടിറങ്ങുന്നത് കുറയും. എന്നാൽ ഇതിനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് ചെയ്യുന്നില്ലെന്ന് പരാതി ശക്തമാണ്.
