അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് തീവ്രത കൂടി; ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം,പകല്‍സമയത്ത് പുറത്തേക്കിറങ്ങുമ്പോള്‍ വേണം മുന്‍കരുതല്‍

കണ്ണൂര്‍ : സംസ്ഥാനത്ത് പകല്‍സമയത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതായി ദുരന്തനിവാരണ അതോറിറ്റി. തുടര്‍ച്ചയായി കൂടുതല്‍സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വഗ്രോഗങ്ങള്‍, നേത്രരോഗങ്ങള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാല്‍ ജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം.
പകല്‍ 10 മണി മുതല്‍ മൂന്നുമണി വരെയാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയത്ത് കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. 
പകല്‍സമയത്ത് പുറത്തേക്കിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ യു.വി. സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യു.വി. സൂചികയുണ്ടാകാം. ഇതിനുപുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും യു.വി. സൂചിക ഉയര്‍ന്നതായിരിക്കും.
പുറംജോലി കളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗ ങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!