പൊതുജനങ്ങളോടുള്ള ഇടപെടലില്‍ മാന്യതയും സത്യസന്ധതയും വേണം ;ലഹരി വ്യാപനം ,സൈബർ കുറ്റകൃത്യം എന്നിവക്കെതിരെ പോരാട്ടം ശക്തമാക്കണം :

തിരുവനന്തപുരം:പൊതുജനങ്ങളോടുള്ള ഇടപെടലില്‍ മാന്യതയും സത്യസന്ധതയും പുലര്‍ത്തണമെന്നും സൈബര്‍കുറ്റകൃത്യങ്ങള്‍, ലഹരിവസ്തുക്കളുടെ വ്യാപനം എന്നിവയ്ക്കെതിരെയുള്ള പോരാട്ടത്തിന് പ്രാമുഖ്യം നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പറഞ്ഞു. കേരള പോലീസില്‍ പുതുതായി നിയമനം ലഭിച്ച 1806 പോലീസ് കോണ്‍സ്റ്റബിള്‍മാരുടെയും ഹവില്‍ദാര്‍മാരുടെയും ആദ്യ ബാച്ചിന്‍റെ പരിശീലനം തിരുവനന്തപുരത്തു സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ സ്പെഷ്യല്‍ പോലീസ്, സ്പെഷ്യല്‍ ആംഡ് പോലീസ്, ആര്‍.ആര്‍.ആര്‍.എഫ്, കേരള പോലീസ് അക്കാദമി, വിവിധ കെ.എ.പി ബറ്റാലിയനുകള്‍ എന്നിങ്ങനെ ഒന്‍പതു കേന്ദ്രങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഔട്ട്ഡോര്‍, ഇന്‍ഡോര്‍ വിഭഗങ്ങളിലായി വ്യത്യസ്ത വിഷയങ്ങളില്‍ പരിശീലിപ്പിക്കപ്പെടുന്ന ഇവരുടെ പരിശീലന കാലാവധി ഒന്‍പതു മാസമാണ്. 215 വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു.പുതുതായി നിയമനം ലഭിച്ചവരില്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ രണ്ടു പേരും മറ്റു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ 191 പേരും ഉള്‍പ്പേടുന്നു. കൂടാതെ 128 ബി.ടെക്ക് ബിരുദധാരികളും ഇതര വിഷയങ്ങളില്‍ ബിരുദം നേടിയ 974 പേരും 101 ഡിപ്ലോമക്കാരും 410 പേര്‍ പ്ലസ്ടു ഐ.റ്റി.ഐക്കാരുമാണ്. ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി എം. ആര്‍ അജിത്കുമാര്‍, ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി (അഡീഷണല്‍ ചാര്‍ജ് ) ആനന്ദ് ആര്‍, എസ്.എ.പി കമാണ്ടന്‍റ് ഷെഹന്‍ഷാ കെ എസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മറ്റു കേന്ദ്രങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുത്തത്.ഫോട്ടോ ക്യാപ്ഷന്‍: പുതുതായി നിയമനം ലഭിച്ച പോലീസ് കോണ്‍സ്റ്റബിള്‍മാരുടെയും ഹവില്‍ദാര്‍മാരുടെയും ആദ്യ ബാച്ചിന്‍റെ പരിശീലനം തിരുവനന്തപുരത്തു സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!