സൈനിക ദിന ആഘോഷങ്ങൾ : കനകക്കുന്നിൽ നടന്ന ആയുധ പ്രദർശനം കാണാൻ വൻ ജനാവലി

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ കരസേനാ ദിനാഘോഷം സംഘടിപ്പിച്ചു. ദക്ഷിണ ആർമി കമാൻഡിൻ്റെ നേതൃത്വത്തിൽ പാങ്ങോട് സൈനിക കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ശക്തിയുടെയും അർപ്പണബോധത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആകർഷകമായ പ്രദർശനമാണ് ഒരുക്കിയത്

ഇന്ത്യൻ ആർമിയുടെ സാങ്കേതിക മുന്നേറ്റങ്ങളും പ്രവർത്തന ശേഷിയും ഉയർത്തിക്കാട്ടുന്ന ആയുധങ്ങളുടെയും, യുദ്ധ സാമഗ്രികളുടെയും പ്രദർശനമായിരുന്നു ശ്രദ്ധേയം.

സന്ദർശകർക്ക് അത്യാധുനിക സൈനിക ഉപകരണങ്ങൾ വളരെ അടുത്ത് കാണാനുള്ള അവസരമായിരുന്നു.

ഇന്ത്യൻ ആർമിയുടെ വിദഗ്ധരായ സംഗീതജ്ഞർ അവതരിപ്പിച്ച പൈപ്പ് ബാൻഡിൻ്റെ പ്രകടനവും ഈ പരിപാടിയുടെ മറ്റൊരു കാഴ്ച്ചയായിരുന്നു. ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ഈണങ്ങളും അച്ചടക്കത്തോടെയുള്ള പ്രകടനവും കാണികളെ ആവേശഭരിതരാക്കി.

പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ പ്രദർശനം വീക്ഷിക്കുകയും, സദസ്സുമായി സംവദിക്കുകയും രാഷ്ട്രത്തെ നിസ്വാർത്ഥമായി സേവിക്കുന്ന സൈനികരുടെ വീര്യത്തെയും ത്യാഗത്തെയും ആദരിക്കുന്നതിൽ സൈനിക ദിനത്തിൻ്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.

വിദ്യാർത്ഥികളും വിമുക്തഭടന്മാരും ജീവിതത്തിൻ്റെ നാനാതുറകളിലുള്ള പൗരന്മാരും ഉൾപ്പെടെയുള്ള പൊതുജനങ്ങളിൽ നിന്ന് ആഘോഷത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൈന്യത്തെ അറിയാനും ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെടാനും രാജ്യസുരക്ഷയിൽ സൈന്യത്തിൻ്റെ പ്രതിബദ്ധത നേരിട്ട് കാണാനും തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഇത് ഒരു അതുല്യ അവസരമായിരുന്നു.

സായുധ സേനയ്ക്കുള്ള ആവേശകരമായ പങ്കാളിത്തത്തിനും അചഞ്ചലമായ പിന്തുണയ്ക്കും, പങ്കെടുത്ത എല്ലാവർക്കും പാങ്ങോട് സൈനിക കേന്ദ്രം ഹൃദയംഗമമായ നന്ദി അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!