കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി എ 111ൽ ജോർജ് കുര്യന്റെ (53) ശിക്ഷ പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ( 50), മാതൃസഹോദരൻ പൊട്ടൻ കുളത്തിൽ മാത്യു സ്കറിയ( 78) എന്നിവരെ വെടിവെച്ച് കൊന്ന കേസിലാണ് ശിക്ഷ വിധിക്കുക.കോട്ടയം അഡീഷണൽ ജില്ലാ കോടതി രണ്ട് (സൂര്യനെല്ലി സ്പെഷ്യൽ കോടതി) ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിക്കുന്നത്.വെള്ളിയാഴ്ച വാദിഭാഗത്തിനും പ്രതി ഭാഗത്തിനും പറയാനുള്ളത് വിശദമായി കേട്ട ശേഷമാണ് കോടതി വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയത്. പ്രതിയ്ക്ക് കൊലപാതകത്തിൽ പശ്ചാത്താപം ഇല്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.കൊല്ലപ്പെട്ട കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യനും സഹോദരനായ പ്രതി ജോർജ് കുര്യനുമായി കാലങ്ങളായുള്ള സ്വത്തുതർക്കമാണ് കൊലപാതകത്തിൽ എത്തിയത്. പ്രതി ജോർജ് കുര്യൻ, കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബവീട്ടിൽ കയറി സഹോദരനായ രഞ്ജു കുര്യനെയും മാതൃസഹോദരനായ മാത്യൂസ് സ്കറിയ പൊട്ടൻകുളത്തിനെയും ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വെടിവച്ച് കൊന്നതായാണ് കേസ്.