എരുമേലി: റോഡുവക്കിൽ അപകട സാധ്യതയുള്ള നിലയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ഇരുമ്പ് പൈപ്പിലുള്ള കൊടിമരങ്ങളും ബാനറുകളും പരസ്യങ്ങളും മറ്റുമായി എരുമേലി പഞ്ചായത്ത് അധികൃതർ ഇതിനോടകം നീക്കിയത് മൂന്നു ടൺ സാധനങ്ങൾ.അനധികൃത ചമയങ്ങൾ നീക്കൽ ജോലികൾ ഇന്ന് പൂർത്തിയാകുമെന്ന് ചുമതല വഹിക്കുന്ന പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് വിപിൻ കൃഷ്ണ പറഞ്ഞു. നീക്കം ചെയ്തവ മൊത്തം ലേലത്തിലൂടെ കൈയൊഴിയാനാണ് തീരുമാനം. റോഡിലേക്ക് ഇറക്കിവച്ചിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ ദിശാബോർഡുകളും നീക്കം ചെയ്തിട്ടുണ്ട്. രാഷ്ട്രീയകക്ഷികളുടെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും ബാനറുകളുമാണ് കൂടുതലായി നീക്കം ചെയ്യേണ്ടിവന്നത്.നീക്കം ചെയ്തവയിൽ മുക്കൂട്ടുതറ ടൗണിലെ ഒരു കൊടിമരവും പൈപ്പും ഇരുമ്പ് സാധനങ്ങളും വഴിയിൽവീണു കിടന്നതായി പരാതി ഉയർന്നിരുന്നു. ഇവ പിന്നീട് പഞ്ചായത്ത് അധികൃതരെത്തി മാറ്റി.ഇന്ന് എലിവാലിക്കര, ചേനപ്പാടി, ഇടകടത്തി വാർഡുകളിലെ പാതയോരങ്ങളിലുള്ള അനധികൃത ചമയങ്ങൾ കൂടി നീക്കുന്നതോടെ പഞ്ചായത്തിലെ 23 വാർഡുകളിലെയും ജോലി പൂർണമാകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാനത്തെ പൊതു നിരത്തുകളിലെ അനധികൃത ചമയങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണ് എരുമേലി പഞ്ചായത്ത് പരിധിയിലും നീക്കം ചെയ്യൽ നടന്നത്. കോടതി നൽകിയ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. നേർച്ചപ്പാറ വാർഡിൽ കമുകിൻകുഴിയിലുള്ള മാലിന്യ സംസ്കരണ യൂണിറ്റിന്റെ സ്ഥലത്താണ് നീക്കം ചെയ്ത സാധനങ്ങൾ കൊണ്ടിട്ടിരിക്കുന്നത്. ഇവിടെ സാധനങ്ങൾ നിറഞ്ഞ നിലയിലാണ്. താമസിയാതെ ഇവിടെ നിന്ന് ഇത് നീക്കം ചെയ്തില്ലെങ്കിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് സ്ഥലപരിമിതി നേരിടേണ്ടി വരും.