അയ്യപ്പഭക്തരെ കൊള്ളയടിച്ച സംഘം പിടിയിൽ.

എരുമേലി : ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ മോഷണം നടത്തിവന്ന മൂന്നംഗ സംഘത്തെ പോലിസ് ദിവസങ്ങൾ നീണ്ട ആസൂത്രിത നീക്കത്തിനൊടുവിൽ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എരുമേലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണങ്ങളിലായി പണവും മൊബൈൽ ഫോണും ഉൾപ്പെടെ അയ്യപ്പഭക്തർക്ക് നഷ്ടപ്പെട്ടിരുന്നു.പേട്ടക്കവലയിൽ നിന്ന് പതിനയ്യായിരത്തോളം രൂപ തീർത്ഥാടകരിൽ നിന്നും അപഹരിക്കപ്പെട്ടിരുന്നു . ഇതേ തുടർന്ന് നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ വഴി നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് ഇവർ പിടിയിലായത്. ഇവരെ എരുമേലി ടൗൺ, വലിയമ്പലം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടാക്കളിൽ രണ്ട് പേർ തമിഴ്നാട് ഡിണ്ടിഗൽ, തേനി സ്വദേശികളും ഒരാൾ ഇടുക്കി റോസാപ്പൂക്കണ്ടം സ്വദേശിയുമാണ്. വലിയമ്പല കുളിക്കടവിൽ ഭക്തർ കുളിക്കുന്നതിനിടെ രണ്ട് തവണ നടന്ന മോഷണങ്ങളിലും തീർത്ഥാടകർക്ക് പണം നഷ്ടപ്പെട്ടിരുന്നു. 52 ഓളം നിരീക്ഷണ ക്യാമറകളും രാത്രിയിലും പകലും ഉൾപ്പടെ സദാസമയവും പോലിസ് നിരീക്ഷണവുമുണ്ടായിട്ടും മോഷണം നടന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. പിടിയിലായവരുടെ വീടുകളിൽ എത്തി പോലിസ് അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കെ എസ് ആർ റ്റി സി ബസിൽ എരുമേലിയിലെത്തി മോഷണം നടത്തി മടങ്ങുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.ഇവർ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. ഇവരിൽ ഒരാൾ മുമ്പ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും ഇയാളുടെ ചിത്രം എരുമേലി ടൗണിൽ വിവിധ മോഷ്ടാക്കളുടെ ചിത്രങ്ങൾക്കൊപ്പം മുന്നറിയിപ്പായി പ്രദർശിപ്പിച്ചിട്ടുള്ളതാണെന്നും പോലിസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഭവം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തു വിടുമെന്ന് പോലിസ് പറഞ്ഞു. മോഷണ സംഭവത്തിൽ സിസി ക്യാമറയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായതെന്ന് പോലിസ് പറഞ്ഞു.ചിത്രം.അയ്യപ്പ ഭക്തരുടെ പണം കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ പിടിയിലായ മൂന്നംഗ സംഘത്തെ എരുമേലി ടൗണിൽ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!