ന്യൂഡൽഹി : പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം.ഡിസംബർ 20 വരെ നീളുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച സർവകക്ഷിയോഗം ചേർന്നു. വഖഫ് ഭേദഗതിബിൽ, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുൾപ്പെടെ 16 ബില്ലുകൾ സഭയിൽ അവതരിപ്പിക്കും. അദാനിക്കെതിരേ യു.എസ്. കോടതി കേസെടുത്തതും മണിപ്പുരിലെ കലാപവും തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണവുമടക്കമുയർത്തി സമ്മേളനം പ്രതിപക്ഷം പ്രക്ഷുബ്ധമാക്കാനാണ് സാധ്യത.
അദാനി വിഷയം ചർച്ചചെയ്യുന്നതടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കുന്നത് ബിസിനസ് ഉപദേശകസമിതിയാണെന്നും പ്രധാനമന്ത്രിക്കും സമിതിക്കും മുൻപാകെ വിവരമറിയിക്കാമെന്നും സർവകക്ഷിയോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. പ്രതിപക്ഷാംഗങ്ങൾ വിഷയമുന്നയിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
കേന്ദ്രമന്ത്രിമാർ ചോദ്യങ്ങൾക്ക് ഇംഗ്ലീഷിനുപകരം ഹിന്ദിയിൽ ഉത്തരങ്ങൾ നൽകുന്നത് തിരുത്തണമെന്ന് യോഗത്തിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് രാജ്‌നാഥ് സിങ് ഉറപ്പുനൽകി.
26-ന് ഭരണഘടനാദിനാചരണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻ സദനിലെ സെൻട്രൽഹാളിൽ നടക്കുന്ന ചടങ്ങിൽ ഇരുസഭകളിലെയും എം.പി.മാരെ അഭിസംബോധനചെയ്യും. ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്കും 26-ന് തുടക്കമാകും