പെർത്ത് : ഇന്ന് ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മത്സര ബോർഡർ–ഗാവസ-്-കർ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്‌ക്ക് തുടക്കമാകുമ്പോൾ സമ്മർദത്തിന്റെ തീച്ചൂളയിലാണ് ഇന്ത്യൻ ടീം. നയിക്കാൻ ഇന്ന് രോഹിതില്ല. മുൻനിര താരങ്ങളിൽ പലരും പരിക്കിൽ. ഒരുകൂട്ടം യുവതാരങ്ങൾ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസാധ്യത മങ്ങി. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോടേറ്റ സമ്പൂർണ പരാജയത്തിന്റെ ആഘാതം ഇതുവരെ വിട്ടുമാറിയിട്ടില്ല. രോഹിതും വിരാട് കോഹ്‌ലിയും ആർ അശ്വിനും ഉൾപ്പെട്ട സുവർണതലമുറ അവരുടെ സായാഹ്നത്തിലാണ്. ഓസ്‌ട്രേലിയൻ മണ്ണിൽ അവസാന അരങ്ങായേക്കാം. 2018ലും 2021ലും ഓസീസ് തട്ടകത്തിൽ പരമ്പര ജയം നേടിയ ചരിത്രമാണ് ഇന്ത്യയുടെ ആത്മവിശ്വാസം.
മറുവശത്ത് ഓസീസിന്റെ പ്രതാപകാലത്തൊന്നുമല്ല ഇപ്പോഴത്തെ സംഘം. പക്ഷേ, പാറ്റ് കമ്മിൻസ് നയിക്കുന്ന ടീം നിലവിലെ ഇന്ത്യൻ ടീമിനെ തകർക്കാൻ കെൽപ്പുള്ളവരാണ്. കമ്മിൻസ് നയിക്കുന്ന പേസ് നിരതന്നെയാണ് അതിൽ പ്രധാനം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പിന്തള്ളി ഒന്നാമതാണ് ഓസീസ്. ഇന്ത്യക്ക് ഫൈനലിൽ കടക്കണമെങ്കിൽ പരമ്പര 4–-1നെങ്കിലും ജയിക്കണം. രോഹിത് വ്യക്തിഗത കാരണങ്ങളാൽ വിട്ടുനിൽക്കുകയാണ്. പേസർ ജസ്‌പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുക. ഇരുഭാഗത്തും പേസർമാരാണ് നയിക്കുന്നത്.