എരുമേലി:റാന്നി – എരുമേലി ശബരിമല പാതയിൽ യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു അപകടം. ആളപായമില്ല. റോഡരികിൽ തോടിന്റെ ഭാഗത്ത് താഴ്ചയിലേക്ക് ചെരിഞ്ഞ ബസ് ഉയർത്തി നീക്കിയത് നാല് മണിക്കൂറുകൾക്ക് ശേഷം. ഇന്നലെ രാവിലെ ഏഴ് മണിയോടെ കരിമ്പിൻതോട് വനപാതയിൽ ആണ് അപകടം.തൃശൂരിൽ നിന്നും എരുമേലിയിലെത്തി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും എതിരെ കുമളിക്ക് പോകാൻ എരുമേലിയിലേക്ക് വന്നുകൊണ്ടിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും ആണ് ഇടിച്ചത്. സംഭവത്തെ പറ്റി തൃശൂർ സൂപ്പർ ഫാസ്റ്റ് ബസിന്റെ ഡ്രൈവർ നെയ്യാറ്റിൻകര സ്വദേശി പ്രതാപൻ പറഞ്ഞത് ഇങ്ങനെ. എരുമേലിയിൽ നിന്ന് കനകപ്പലം കഴിഞ്ഞു കരിമ്പിൻതോട് – മുക്കട വനപാതയിൽ ആദ്യത്തെ വളവിൽ എത്തിയപ്പോൾ നിർത്തിയിട്ട ശബരിമല തീർത്ഥാടക വാഹനത്തെ മറികടക്കാൻ റോങ് സൈഡിലൂടെ വന്നപ്പോൾ നേർ അഭിമുഖമായി കുമളിയിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസ് എത്തി. പരസ്പരം ബസുകൾ കൂട്ടിയിടിക്കുമെന്ന് മനസിലായപ്പോൾ ബ്രേക്ക് ചവിട്ടിയതിനൊപ്പം ഇടി ഒഴിവാക്കാൻ റോഡരികിലേക്ക് ബസ് വെട്ടിച്ചു നീക്കി. എന്നാൽ അപ്പോഴേക്കും ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻവശത്തിന്റെ ഒരു ഭാഗത്ത് ബസ് ഇടിയ്ക്കുകയായിരുന്നു. ബസിന്റെ ഒരു മുൻ ചക്രം റോഡിന്റെ താഴ്ചയുള്ള ഭാഗത്ത് താഴ്ന്നു നിന്നത് കൊണ്ട് താഴ്ചയിലേക്ക് കൂപ്പുകുത്തിയില്ലന്ന് ഡ്രൈവർ പ്രതാപൻ പറഞ്ഞു. തന്റെ ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. കുമളിയിലേക്കുള്ള ബസിന് തകരാർ കാര്യമായി ഇല്ലാഞ്ഞതിനാൽ ഈ ബസ് യാത്ര തുടർന്നു. പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് സിഗ്നൽ കുറവായതിനാൽ കെഎസ്ആർടിസി എരുമേലി സെന്റർ ഉൾപ്പടെ പോലീസും ഫയർ ഫോഴ്‌സും റോഡ് സേഫ് സോണും വിവരം അറിയാൻ താമസം നേരിട്ടു. തുടർന്ന് റിക്കവറി വാഹനം എത്തിച്ച് ആണ് ബസ് നീക്കിയത്. അതുവരെ ഗതാഗത തടസം നേരിട്ടു.