സന്ദീപ് വാര്യർ കോൺഗ്രസിൽ

പാലക്കാട് : ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു.

പാർട്ടി തനിക്ക് അർഹമായ പരിഗണന നൽകിയിട്ടില്ലെന്നും ബി.ജെ.പി വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ജനാധിപത്യത്തെ പാടെ അപമാനിക്കുന്ന ഒരു ഫാക്ടറിയിൽ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയായിരുന്നു തനിക്ക്. മുഖ്യമന്ത്രിയുമായി ചേർന്ന് ബി.ജെ.പി. അഡ്ജസ്റ്റ് രാഷ്ട്രീയം കളിക്കുന്നു. അതിനെതിരെ പ്രതികരിച്ചതാണ് തനിക്കുനേരെ നടപടി സ്വീകരിക്കാൻ കാരണമായതെന്നും സന്ദീപ് പറഞ്ഞു.എൻ.ഡി.എയുടെ കൺവെൻഷനിൽ പരസ്യമായി അപമാനിച്ചു എന്നു കാണിച്ചാണ് സന്ദീപ് വാര്യർ ബി.ജെ.പി.യുമായി ഇടഞ്ഞത്. അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ ഫലംകണ്ടിരുന്നില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ സന്ദീപിന്‍റെ അസാന്നിധ്യം ചർച്ചയായിരുന്നു. പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിലും സന്ദീപിന് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം.

അതേസമയം അപ്രസക്തനായ നേതാവ് അപ്രസക്തമായ പാർട്ടിയിലേക്ക് പോകുകയാണെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കർ പ്രതികരിച്ചു.

എൻ.ഡി.എ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല. പ്രതിഷേധ സൂചകമായി അദ്ദേഹം വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബി.ജെ.പിയുമായി ഇടഞ്ഞത്. പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറുമായി സന്ദീപ് വാര്യര്‍ക്ക് അഭിപ്രായവ്യത്യാസവുമുണ്ട്. മൂത്താന്തറയിലെ പ്രശ്‌നപരിഹാരത്തിന് സന്ദീപ് ഇടപെട്ടത് സി. കൃഷ്ണകുമാറിനെ അലോസരപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!