ശബരിമല മണ്ഡല മകരവിളക്ക് സീസണ്‍; തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങളുമായി വനം വകുപ്പ്

പമ്പ: ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നുമുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ പമ്പയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വനം വകുപ്പിന്റെ സംസ്ഥാനതല കോര്‍ഡിനേറ്ററായി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ഫീല്‍ഡ് ഡയറക്ടര്‍ പ്രോജക്ട് ടൈഗര്‍ കോട്ടയത്തിനെ നിയോഗിച്ചു.

കൂടാതെ ഒരു അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പമ്പയിലും സന്നിധാനത്തിലും ഓരോ കണ്‍ട്രോള്‍ റൂമുകള്‍ ഈ മാസം 15 മുതല്‍ പ്രവര്‍ത്തിക്കും. ഭക്തജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ സത്രം, അഴുതക്കടവ്, മുക്കുഴി, പ്ലാപ്പള്ളി എന്നിവിങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും.

വന്യജീവികളുടെ ശല്യം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി 48 അംഗ എലിഫന്റ് സ്‌ക്വാഡ്, 5 അംഗ സ്‌നേക്ക് റെസ്‌ക്യൂടീം എന്നിവ തീര്‍ത്ഥാടന കാലയളവില്‍ 24 മണിക്കൂറും ളാഹ, പ്ലാപ്പള്ളി, നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും.

തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കാന്‍ 1500ല്‍പരം അംഗങ്ങളെ ഉള്‍പ്പെടുത്തി 135ലധികം സേവനകേന്ദ്രങ്ങള്‍ ആരംഭിക്കും. എല്ലാ താവളങ്ങളിലും ഔഷധകുടിവെള്ളം വിതരണം ചെയ്യും. സന്നിധാനത്തുനിന്നും പമ്പയില്‍ നിന്നും 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മാറ്റി. തീര്‍ത്ഥാടന പാതകളിലെ അപകടകരമായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കരിമല, മഞ്ഞപ്പൊടിത്തട്ട്, കരിക്കിലാംതോട്, പുല്ലുമേട്, ചരല്‍മേട്, അപ്പാച്ചിമേട്, പതിമൂന്നാം വളവ് എന്നിവിടങ്ങളില്‍ വൈദ്യസഹായ കേന്ദ്രങ്ങള്‍ സജ്ജമാക്കും. ശബരിമലയില്‍ വനംവകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സ് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!