തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വെള്ളിയാഴ്ച വിതരണം ചെയ്ത മികച്ച സേവനത്തിനുള്ള ‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ’ ഗുരുതര അക്ഷരത്തെറ്റുകൾ. ഇതിനെ തുടർന്ന് മെഡലുകൾ തിരികെ വാങ്ങാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. മെഡലിൽ ‘മുഖ്യമന്ത്ര’ യുടെ ‘പോല സ് മെഡൻ ‘ എന്നാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മെഡൽ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റ് കണ്ടെത്തിയത്. മെഡൽ ജേതാക്കൾ ഉന്നത ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞതോടെയാണ് മെഡലുകൾ തിരിച്ചുവാങ്ങാൻ നടപടി തുടങ്ങിയത്.264 പൊലീസുദ്യോഗസ്ഥർക്കാണ് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ മുഖ്യമന്ത്രി മെഡൽ വിതരണം ചെയ്തത്. ഇതിൽ പകുതിയിലേറെ മെഡലുകളിലും അക്ഷരത്തെറ്റുണ്ടായി. അക്ഷരത്തെറ്റുകൾ തിരുത്തി പുതിയ മെഡൽ ഉടനടി നൽകാൻ നിർമ്മാണ കരാറെടുത്ത സ്ഥാപനത്തോട് ഡി.ജി.പി നിർദ്ദേശിച്ചു. വിതരണം ചെയ്യും മുൻപ് മെഡലുകൾ പൊലീസ് ഉന്നതർ പരിശോധിക്കാതിരുന്നതും വിവാദമായിട്ടുണ്ട്. കേരളപ്പിറവി, പൊലീസ് രൂപീകരണ ദിനം എന്നിവയോട് അനുബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ വിതരണം ചെയ്തത്.