കേരള ഹൈക്കോടതിയില്‍ പുതിയ ജഡ്ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

ന്യൂദല്‍ഹി: കേരള ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ചു പുതിയ ജഡ്ജിമാരെക്കൂടി നിയമിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി. ജയകുമാര്‍, ഹൈക്കോടതി ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ജോബിന്‍ സൊബസ്റ്റ്യന്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്. മുരളി കൃഷ്ണ,തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന്‍ എന്നിവരാണവര്‍. ഇതോടെ ഹൈക്കോടതി ജഡ്ജിമാര്‍ 45 ആയി. വേണ്ടത് 47 പേരാണ്.

ഹൈക്കോടതിയിലേക്ക് എത്തുന്ന പുതിയ അഞ്ചു ജഡ്ജിമാരും സംസ്ഥാന ജുഡീഷ്യല്‍ സര്‍വീസിലുള്ളവര്‍. ഇന്ന് രാവിലെ ഹൈക്കോടതിയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ആലപ്പുഴ വണ്ടാനം സ്വദേശിയാണ് പി. കൃഷ്ണകുമാര്‍. ജില്ലാ ജഡ്ജിയായി 2012 ല്‍ ഒന്നാം റാങ്കോടെ ജില്ലാ ജുഡീഷ്യറിയില്‍. കൊല്ലത്തും തിരുവനന്തപുരത്തും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി. എറണാകുളത്ത് എന്‍ഐഎ, സിബിഐ കോടതികളില്‍ ജഡ്ജി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി അധ്യക്ഷനായിരുന്നു. ഭാര്യ, ശാലിനി; മക്കള്‍: ആകാശ്, നിരഞ്ജന്‍, നീലാഞ്ജന.

തൃശ്ശൂര്‍ സ്വദേശിയായ കെ. വി. ജയകുമാര്‍ 2012ല്‍ ഹയര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നേരിട്ട് ജില്ലാ ജഡ്ജി. തലശ്ശേരിയിലും പാലക്കാടും അഡീ. ജില്ലാ ജഡ്ജി. കോഴിക്കോട് വിജിലന്‍സ് ജഡ്ജി. തലശ്ശേരിയിലും കൊല്ലത്തും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി. ഭാര്യ, വിദ്യാ കൃഷ്ണന്‍; മക്കള്‍: അമൃത, സ്നേഹ.
കാഞ്ഞങ്ങാട് സ്വദേശിയായ എസ്. മുരളീകൃഷ്ണ 2014ല്‍ ജില്ലാ ജഡ്ജി. കോഴിക്കോട്ടും പാലക്കാട്ടും അഡീ. ജില്ലാ ജഡ്ജി. മഞ്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി. ഭാര്യ അര്‍ച്ചന. മക്കള്‍: അക്ഷരി, അവനീഷ്.

പാലാ നീലൂര്‍ സ്വദേശി ജോബിന്‍ സെബാസ്റ്റ്യന്‍ 2014-ല്‍ ജില്ലാ ജഡ്ജിയായി. തിരുവനന്തപുരത്തും മാവേലിക്കരയിലും അഡീ. ജില്ലാ ജഡ്ജി, മൂവാറ്റുപുഴ വിജി. കോടതി ജഡ്ജി, തലശ്ശേരിയിലും ആലപ്പുഴയിലും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി. ഭാര്യ ഡാലിയ. മക്കള്‍: തെരേസ, എലിസബത്ത്, ജോസഫ്.

തൃശ്ശൂര്‍ പാവറട്ടി സ്വദേശിയായ പി. വി. ബാലകൃഷ്ണന്‍ 2014ല്‍ ജില്ലാ ജഡ്ജിയായി. തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര അഡീ. ജില്ലാ ജഡ്ജി. കാസര്‍കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി. ഭാര്യ ഐശ്വര്യ. മക്കള്‍: ഗായത്രി, തരുണ്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!