തിരുവനന്തപുരം : എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച സരിത. ജോലിക്കിടയിൽ രോഗബാധയേറ്റെന്നാണ് സംശയം.
മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലിപ്പനി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിലൊന്നു കൂടിയാണ് എലിപ്പനി. പ്രധാന രോഗവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ രോഗാണുക്കൾ എലികളില്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കില്ല.
എലിപ്പനിയെ പ്രതിരോധിക്കാം
ചര്‍മത്തില്‍ മുറിവോ, വൃണമോ, കീറലോ ഉണ്ടെങ്കില്‍ രോഗാണുവിന് അനായാസം ശരീരത്തിനുള്ളില്‍ കടക്കാനാവും. മുറിവുകള്‍ ഉണ്ടെങ്കില്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടി മുറിവിനു പുറത്ത് ബാൻഡേജ് ഒട്ടിക്കണം. പാടത്തേയും പറമ്പിലേയും കെട്ടിനില്‍ക്കുന്ന ജലത്തില്‍ മുഖം കഴുകരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മലിനജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം.
മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും സ്പര്‍ശിക്കാനിടവന്നാൽ സോപ്പിട്ട് വൃത്തിയായി കഴുകണം. പശു, എരുമ, പന്നി, ആട്, നായ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ ഗര്‍ഭമലസിയ അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറയും ഗംബൂട്ടുകളും നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.