അഴൂരില്‍ വയോധികയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയ മകളും ചെറുമകളും അറസ്റ്റില്‍


ചിറയിന്‍കീഴ് : ഒരാഴ്ച മുന്‍പ് വയോധികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അഴൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം ശിഖാ ഭവനില്‍ നിര്‍മല(75)യെ മകളും ചെറുമകളും ചേര്‍ന്നു കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ നിര്‍മലയുടെ മൂത്തമകള്‍ ശിഖ(55), ശിഖയുടെ മകള്‍ ഉത്തര(34) എന്നിവരെ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 17-നാണ് നിര്‍മലയെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ അയല്‍വാസിയായ സ്ത്രീ കണ്ടെത്തിയത്. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയംതോന്നിയ ഇവര്‍ വാര്‍ഡംഗത്തെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. വാര്‍ഡംഗമാണ് പോലീസില്‍ അറിയിച്ചത്. പരിശോധനയില്‍ മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് കണ്ടെത്തി.

മരണത്തില്‍ ആദ്യംമുതല്‍തന്നെ ദുരൂഹതയുണ്ടായിരുന്നതിനാല്‍ നിര്‍മലയുടെ ഒപ്പം താമസിച്ചിരുന്ന മകളെയും ചെറുമകളെയും പോലീസ് വിശദമായി ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്. സാമ്പത്തികകാര്യങ്ങളിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.മരിച്ച നിര്‍മലയ്ക്ക് ശിഖ ഉള്‍പ്പെടെ മൂന്നു മക്കളാണുള്ളത്. ഒരു മകള്‍ അമേരിക്കയിലും മറ്റൊരു മകള്‍ കവടിയാറിലുമാണ് താമസം. നിര്‍മലയ്ക്ക് ചിറയിന്‍കീഴ് സര്‍വീസ് സഹകരണ ബാങ്കിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശിയായി മൂത്തമകള്‍ ശിഖയെ വയ്ക്കാത്തതിലും മറ്റു സമ്പാദ്യവും സ്വത്തുക്കളും കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 14-ന് നിര്‍മലയും മകളുമായി വഴക്കിട്ടിരുന്നു.

തുടര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ച് ശിഖ നിര്‍മലയുടെ കഴുത്തില്‍ ചുറ്റിവരിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. നിര്‍മല മരിച്ചെന്ന് ഉറപ്പുവരുത്തിയ പ്രതികള്‍ ഈ വിവരം ആരോടും പറയാതെ ഒളിപ്പിച്ചു. തുടര്‍ന്ന് നിര്‍മലയുടെ പേരിലുള്ള സമ്പാദ്യം ശിഖയുടെ പേരിലാക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. 17-നാണ് നിര്‍മലയ്ക്കു സുഖമില്ലായെന്ന് ബന്ധുക്കളെ അറിയിച്ചത്. അമ്മൂമ്മയ്ക്കു സുഖമില്ലാത്തതിനാല്‍ ഈ വിവരം അറിയിക്കാന്‍ വാര്‍ഡംഗത്തിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചെത്തിയ ചെറുമകളുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയപ്പോഴാണ് അയല്‍വാസി വീടിനുള്ളില്‍ കയറി നോക്കിയത്.അപ്പോഴേക്കും നിര്‍മലയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളുടെയും ഫോണ്‍ വിളി വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ അമ്മയെയും മകളെയും പോലീസ് വിശദമായി ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ചിറയിന്‍കീഴ് സി.ഐ. വിനീഷ് വി.എസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ മനു, ശ്രീബു, മനോഹര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അജിത്ത്, ഹാഷിം, ദിവ്യ, ശ്രീലത, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!