നവീന്റേത് അടിയുറച്ച പാര്‍ട്ടി കുടുംബം; അമ്മ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു

പത്തനംതിട്ട : കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബം സിപിഎം അനുഭാവികൾ. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയ്ക്കടുത്ത് താഴം എന്ന സ്ഥലത്താണ് നവീൻ ബാബുവിന്റെ വീട്. ഭാര്യ മഞ്ജുവും അധ്യാപകരായ അച്ഛൻ കൃഷ്ണൻ നായരും അമ്മ രത്നമ്മയും പാർട്ടി അനുഭാവികളാണ്. രത്നമ്മ 1979-ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കോന്നി തഹസീൽദാറായ മഞ്ജു കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനിൽ അംഗമാണ്.ബന്ധുക്കളിൽ പലരും സിപിഎം അനുകൂല സർവീസ് സംഘടനകളിൽ അംഗമാണ്. മഞ്ജുവിന്റേതും പാർട്ടി കുടുംബമാണ്. മഞ്ജുവിന്റെ അടുത്ത ബന്ധു ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. നവീൻ ബാബു സർവീസിന്റെ തുടക്കത്തിൽ എൻജിഒ യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ അംഗമായി.നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് സിപിഎം ലോക്കൽ സെക്രട്ടറിയുമായിരുന്ന ബന്ധു പ്രതികരിച്ചു. അഴിമതിക്കാരനായി ചിലർ ചിത്രീകരിച്ചതാണ്. നവീൻ ജോലി ചെയ്‌ത സ്ഥലങ്ങളിൽ അന്വേഷിച്ചാൽ അത് മനസ്സിലാകും. സമ്മർദങ്ങൾക്ക് വഴങ്ങുന്ന ആളായിരുന്നില്ലെന്നും ബന്ധു വ്യക്തമാക്കി.പി.പി ദിവ്യ തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കണമെന്നും പാർട്ടിക്ക് പരാതി നൽകുമെന്നും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ വ്യക്തമാക്കി. നടപടിയില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും. വിളിക്കാത്ത ചടങ്ങിലേക്ക് പി.പി ദിവ്യ കടന്നു ചെന്നതിൽ ദുരുദ്ദേശ്യമുണ്ടെന്നും മോഹനൻ കൂട്ടിച്ചേർത്തു.കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ ചൊവ്വാഴ്‌ കാലത്താണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോൾ പമ്പിന് എൻ.ഒ.സി. നൽകാൻ എ.ഡി.എം. വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നുമായിരുന്നു അവർ പറഞ്ഞത്.

error: Content is protected !!