മലയോര പട്ടയ വിതരണത്തിനായി മുണ്ടക്കയത്ത് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് 17 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലായി മലയോര മേഖലകളിലും, ആദിവാസി മേഖലകളിലുമായി പതിനായിരത്തോളം ചെറുകിട- നാമമാത്ര കൈവശ ഭൂ ഉടമകൾക്ക് പട്ടയം നൽകുന്നതിനുവേണ്ടി മുണ്ടക്കയത്ത് അനുവദിച്ച സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ ഉദ്ഘാടനവും, ജില്ലാതല പട്ടയമേളയും 17-)o തീയതി വ്യാഴാഴ്ച റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ മുണ്ടക്കയത്ത് നിർവഹിക്കും.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ് സ്വാഗതം ആശംസിക്കും. പത്തനംതിട്ട എം.പി ശ്രീ.ആന്റോ ആന്റണി, രാജ്യസഭാംഗം ജോസ് കെ. മാണി എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കോട്ടയം സബ് കളക്ടർ ഡി.രഞ്ജിത്ത് ഐ.എ.എസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് കൃതജ്ഞത പ്രകാശിപ്പിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് , കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സി.എം, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ശുഭേഷ് സുധാകരൻ, പി.ആർ അനുപമ മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കന്മാർ , വ്യാപാര വ്യവസായി പ്രതിനിധികൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിക്കും.പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന പുഞ്ചവയൽ, മുരിക്കും വയൽ, പുലിക്കുന്ന്, കപ്പിലാമൂട്, കുളമാംകുഴി, പാക്കാനം, ഇഞ്ചക്കുഴി, കാരിശ്ശേരി, എലിവാലിക്കര, തുമരംപാറ, ഇരുമ്പുന്നിക്കര ,കൊപ്പം കുഴിമാവ്, കോസടി , കൊട്ടാരംകട, പശ്ചിമ, കാളകെട്ടി എന്നീ പ്രദേശങ്ങളിലെ 10000 ത്തോളം വരുന്ന ആളുകൾക്ക് ഇതോടെ അവരുടെ കൈവശം ഭൂമിക്ക് ഉപാധിരഹിത പട്ടയം പട്ടയം ലഭ്യമാകുന്ന നടപടികൾക്ക് തുടക്കം കുറിക്കുകയാണ്. ഇതോടൊപ്പം ജില്ലയിൽ തയ്യാറാക്കിയിട്ടുള്ള 300 ഓളം പട്ടയങ്ങളും അവകാശികൾക്ക് ചടങ്ങിൽ വച്ച് കൈമാറും. പൂഞ്ഞാർ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ പതിറ്റാണ്ടുകളായി പട്ടയം ലഭ്യമാകാതിരുന്ന പമ്പാവാലി, എയ്ഞ്ചൽ വാലി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴ രാജീവ് ഗാന്ധി നഗർ, ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിൽ കടുവാമൂഴി ഭാഗത്തെ കടപ്ലാക്കൽ നഗർ എന്നീ പ്രദേശങ്ങളിൽ ഉൾപ്പെടെ ഇതിനോടകം രണ്ടായിരത്തിലധികം ആളുകൾക്ക് പട്ടയം നൽകി കഴിഞ്ഞതായും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയത്ത് ആരംഭിക്കുന്ന സ്പെഷ്യൽ തഹസിൽദാർ ഓഫീസ് മുഖേന വരുന്ന ഒരു വർഷത്തിനുള്ളിൽ ഹിൽമെൻ സെറ്റിൽമെന്റിൽ പെട്ട അർഹതപ്പെട്ട മുഴുവൻ കൈവശ കൃഷിക്കാർക്കും പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. നിയോജകമണ്ഡലത്തിൽ പതിറ്റാണ്ടുകളായി കൈവശ കൃഷിക്കാർക്ക് തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കാത്ത ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.

error: Content is protected !!