ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഇല്ല, വെർച്വൽ ക്യൂ മാത്രം

തിരുവനന്തപുരം: ഇക്കൊല്ലത്തെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും വെർച്വൽ ക്യൂ മാത്രമായിരിക്കുമെന്നും വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . വെർച്വൽ ക്യൂ ഒരുക്കുന്നത് സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും മാലയിട്ട് ദർശനത്തിനെത്തുന്ന ഒരു ഭക്തനും ഇത്തവണ ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.സ്പോട്ട് ബുക്കിംഗ് എൻട്രി പാസുമാത്രമാണ്. എന്നാൽ വെർച്വൽ ബുക്കിംഗ് ഭക്തരെ സംബന്ധിച്ച ആധികാരിക രേഖയാണ്. സ്പോട്ട് ബുക്കിംഗ് കൂടുന്നത് ഒട്ടും ആശാസ്യമല്ല. സ്‌പോട്ട് ബുക്കിംഗ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വെർച്വൽ ക്യൂവിലേക്ക് വരുമോ? ദേവസ്വം ബോർഡിന് ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഒരുപോലെ പ്രധാനമാണ്. വരുമാനം മാത്രമല്ല ചിന്തിക്കുന്നത്. പലവഴിയിലൂടെയും ഇപ്പോൾ അയ്യപ്പന്മാർ എത്തുന്നുണ്ട്. അവരുടെ ആധികാരിക രേഖ വേണം. വെർച്വൽ ക്യൂ ചെയ്യാത്ത ഭക്തരുടെ എണ്ണം കൂടുകയാണെങ്കിൽ അപ്പോൾ സർക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കും. തീർത്ഥാടന കാലത്തേക്കുള്ള തൊണ്ണൂറുശതമാനം ജോലികളും തീർത്തിട്ടുണ്ട്’- പ്രസിഡന്റ് പറഞ്ഞു.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല – മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കാനും ചില സംഘടനകൾ തീരുമാനിക്കുകയും ചെയ്തിരുന്നു.അന്യ സംസ്ഥാനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകരാണ് ബുക്ക് ചെയ്യാതെ നേരിട്ട് പമ്പയിലെത്തുന്നത്.മുൻ വർഷങ്ങളിൽ പന്തളം, ചെങ്ങന്നൂർ, നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരുന്നു. തീർത്ഥാടനത്തിന്റെ അവസാന വേളയിൽ സ്പോട്ട് ബുക്കിംഗ് നിലയ്ക്കലും പമ്പയിലും മാത്രമാക്കിയിരുന്നു. കഴിഞ്ഞതവണ തിരക്കേറിയ ദിവസങ്ങളിൽ അയ്യായിരത്തിലേറെ ഭക്തർ പ്രതിദിനം ഇങ്ങനെ എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.എരുമേലിയിൽ നിന്ന് പരമ്പരാഗത പാത വഴി ഉൾവനത്തിലൂടെ നടന്നെത്തുന്ന സംഘങ്ങളും ഓൺലൈനിൽ ബുക്ക് ചെയ്യുന്നവരല്ല.കാരണം അവർക്ക് നിശ്ചിത സമയം പാലിക്കാൻ കഴിയില്ല. കഴിഞ്ഞ തവണ ഇങ്ങനെ വന്ന ഇരുപതിനായിരത്തിലേറെ പേർ പമ്പയിൽ സ്പോട്ട് ബുക്കിംഗ് നടത്തിയാണ് മല ചവിട്ടിയത്.

error: Content is protected !!