വിവാദം വേണ്ട : വീണ്ടും രാജി നൽകുമെന്ന് ജിജിമോൾ

എരുമേലി : തന്റെ രാജിയെ ചൊല്ലി വിവാദം വേണ്ടന്ന് എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം രാജി നൽകിയ കോൺഗ്രസ്‌ അംഗം ജിജിമോൾ സജി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാർട്ടി നിർദേശ പ്രകാരം താൻ രാജി നൽകാൻ തയ്യാറായതാണെന്നും എന്നാൽ സെക്രട്ടറി വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഓഫീസിൽ ഇല്ലാതിരുന്നതിനാൽ ഫ്രണ്ട് ഓഫീസിൽ രാജിക്കത്ത് നൽകേണ്ടി വരികയായിരുന്നെന്നും ജിജിമോൾ പറഞ്ഞു. ഈ രാജിക്കത്തിന് നിയമ സാധുത ഇല്ലങ്കിൽ സെക്രട്ടറി എത്തുമ്പോൾ നേരിട്ട് കണ്ട് വീണ്ടും രാജിക്കത്ത് നൽകാൻ തയ്യാറാണെന്നും ജിജിമോൾ പറഞ്ഞു. വേളാങ്കണ്ണിയിലേക്ക് യാത്ര പോകാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്.ബുക്ക്‌ ചെയ്തത് പ്രകാരം ആണ് താൻ തീർത്ഥാടന യാത്ര പോയത്. പോകുന്നതിന് മുമ്പ് രാവിലെ മുതൽ ഉച്ച വരെ പഞ്ചായത്ത്‌ ഓഫീസിൽ സെക്രട്ടറിയെ കണ്ട് രാജിക്കത്ത് നൽകാൻ കാത്തിരുന്നു. എന്നാൽ സെക്രട്ടറി വന്നില്ല. തുടർന്നാണ് ഫ്രണ്ട് ഓഫീസിൽ രാജിക്കത്ത് നൽകിയ ശേഷം തീർത്ഥാടന യാത്രയ്ക്ക് പോയത്. മടങ്ങി എത്തിയ ശേഷം തിങ്കളാഴ്ച സെക്രട്ടറിയെ കണ്ട് വീണ്ടും രാജിക്കത്ത് നൽകാൻ ഒരുക്കമാണെന്നും തന്റെ രാജിയുടെ പേരിൽ വിവാദം വേണ്ടന്നും ജിജിമോൾ സജി പറഞ്ഞു. കോൺഗ്രസ്‌ ഭരണം നടത്തുന്ന എരുമേലി പഞ്ചായത്തിൽ പാർട്ടിയിലെ മുൻ ധാരണ പ്രകാരം ആറ് മാസത്തേക്ക് പ്രസിഡന്റ് ആയ ജിജിമോൾ ആറ് മാസം കഴിഞ്ഞും സ്ഥാനത്ത് തുടർന്നിരുന്നു. കഴിഞ്ഞ ദിവസം ആണ് രാജി വെച്ചത്. എന്നാൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ രാജിക്കത്ത് ഒപ്പിട്ട് നൽകാഞ്ഞതിനാൽ നിയമ സാധുത ലഭിക്കുകയില്ലന്ന് വ്യക്തമായതോടെ തിങ്കളാഴ്ച സെക്രട്ടറിയ്ക്ക് നേരിട്ട് രാജിക്കത്ത് നൽകാനാണ് തീരുമാനം

error: Content is protected !!