ന്യൂഡൽഹി : അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റിയാണ് നിലവിൽ നോയല്‍ ടാറ്റ. നവല്‍ എച്ച് ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കൾ. നവല്‍ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും
ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിൾ ഫൗണ്ടേഷനുകളിൽ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങൾ. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ 52 ശതമാനത്തോളം ഓഹരിയാണ് ഇരു ട്രസ്റ്റുകളും ചേർന്ന് കൈവശം വെച്ചിരിക്കുന്നത്. സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും സർ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴിൽ മൂന്ന് ട്രസ്റ്റുകൾ വീതമുണ്ട്.
ടാറ്റ ഇന്റർനാഷണലിലൂടെയാണ് നോയൽ കരിയർ ആരംഭിച്ചത്. 1999 ജൂണിൽ ടാറ്റ ഗ്രൂപ്പിന്റെ റീടെയിൽ വിഭാഗമായ ട്രെന്റിന്റെ മാനേജിങ് ഡയറക്ടറായി അദ്ദേഹം മാറമാറി. നോയലിന്റെ കാലത്താണ് ഡിപ്പാർട്ട്മെന്റൽ സ്റ്റോർ ലിറ്റിൽവുഡ്സ് ഇന്റർനാഷണൽ, വെസ്റ്റിസൈഡ് എന്നിവയെ ട്രെന്റ് ഏറ്റെടുത്തത്. വെസ്റ്റിസൈഡിനെ ലാഭകരമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2003ൽ ടൈറ്റാൻ, വോൾട്ടാസ് കമ്പനികളുടെ ഡയറക്ടറായി അദ്ദേഹം നിയമിതനായി.
2010-11 സാമ്പത്തിക വർഷത്തിൽ ടാറ്റ ഇന്റർനാഷണൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറായും അദ്ദേഹം മാറി. 70 ബില്യൺ ഡോളറിന്റെ ബിസിനസാണ് ആഗോളതലത്തിൽ അദ്ദേഹം കൈകാര്യം ചെയ്യുന്നത്.