സ്പോട്ട് ബുക്കിംഗ് ഒഴിവാക്കരുത്: പന്തളം കൊട്ടാരം

പന്തളം:മലയാള വർഷം 1200-ാമാണ്ടിലെ മണ്ഡലകാല ശബരിമല തീർത്ഥാടനം വരുന്ന നവംബർ 17ന് ആരംഭിക്കും. കേരളത്തിനു പുറമേ ദക്ഷിണേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമെല്ലാം ലക്ഷക്കണക്കിന് ജനങ്ങൾ ജാതിമത ഭേദങ്ങൾക്കതീതമായി എത്തുന്ന ക്ഷേത്രമാണ് ശബരിമല. പ്രായമായവരും രോഗബാധിതരും ലഘു ആരോഗ്യപ്രശ്‌നങ്ങളുള്ളവരും കുട്ടികളും അങ്ങനെ പലതരം ആളുകളാണ് അയ്യപ്പസ്വാമിയെ ഒന്നുകണ്ട് തൊഴുത് അനുഗ്രഹം വാങ്ങാം എന്നുകരുതി എത്തുന്നത്.പലതരത്തിലുള്ള ആളുകൾ വരുന്ന ഒരു ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് എങ്ങനെയെല്ലാം സൗകര്യങ്ങൾ ചെയ്‌തുകൊടുക്കാം എന്നാണ് ക്ഷേത്രഭരണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് നോക്കേണ്ടിയിരുന്നത്. പക്ഷേ ആരുടെയൊക്കെയോ ഉപദേശപ്രകാരമോ കാര്യങ്ങൾ എങ്ങനെ നടപ്പാക്കണം എന്ന ആശയക്കുഴപ്പം കൊണ്ടോ ദേവസ്വംബോർഡ് സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കി. ഓൺലൈൻ ബുക്കിംഗ് മാത്രമേ ഇനിയുള്ളൂ എന്നറിയിച്ചിരിക്കുകയാണ്. ഇത് ദർശനത്തിന് വ്രതമെടുത്തെത്തുന്ന ഭക്തർക്ക് വളരെ മനഃപ്രയാസം ഉണ്ടാക്കും.ഓൺലൈനായി കാര്യങ്ങൾ ചെയ്യാൻ അറിയാത്തവർക്ക് സ്പോട്ട് ബുക്കിംഗ് വളരെയധികം ഉപകാരപ്രദമാണ്. ഏത് സംവിധാനവും അത് നൂറുശതമാനവും നടപ്പിലാക്കും മുൻപ് ശ്രദ്ധയോടെ നിരീക്ഷിച്ച് സംയമനത്തോടെ പഠിച്ച ശേഷമേ ചെയ്യാവൂ. ഇപ്പോൾ നിലവിലുള്ള സംവിധാനമാണ് ഉചിതം. കഴിഞ്ഞ വർഷം വേറെന്തോ സാങ്കേതിക തടസങ്ങളുണ്ടാവുകയായിരുന്നു. അത് കണ്ടെത്തി പരിഹരിച്ചാൽ പ്രശ്‌നമുണ്ടാകില്ല.ശബരിമലയിൽ അയ്യപ്പന്റെ ദർശനവും അനുഗ്രഹവുമാണ് ഭക്തന് ഏറ്റവും പ്രധാനം. ഓൺലൈൻ ബുക്കിംഗ് 75 ശതമാനമാക്കണം എന്നാണ് അഭിപ്രായം. 25 ശതമാനം സ്‌പോട്ട് ബുക്കിംഗ് വേണം. എന്നാലേ ഏതുതരം ആളുകൾക്കും അയ്യപ്പദർശനം സാദ്ധ്യമാകൂ. മുൻവർഷം എങ്ങനെ ദർശനം നടന്നിരുന്നോ അതുപോലെ വേണം ഇത്തവണയും.ഭക്തിക്ക് പ്രാധാന്യം നൽകുന്നവർ വേണം ഇത്തരം തീരുമാനമെടുക്കാൻ. ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കാതെ ഭക്തജന കൂട്ടായ്‌മകളുടെ അഭിപ്രായം കേട്ടശേഷം വേണം തീരുമാനം നടപ്പാക്കാൻ. പന്തളം കൊട്ടാരം എന്നും ഭക്തജനങ്ങൾക്കൊപ്പമാണ്. ഭക്തജനങ്ങൾക്ക് മാനസിക, ശാരീരിക പ്രയാസമുണ്ടാക്കുന്ന ഒരു തീരുമാനവും ഞങ്ങൾ അംഗീകരിക്കില്ലയെന്ന് പന്തളം കൊട്ടാരം ഭരണസമിതി പ്രസിഡന്റ് എൻ ശങ്കർ പറഞ്ഞു .

error: Content is protected !!