തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മോഡൽ ടൗൺഷിപ്പുകൾ നിർമ്മിക്കാൻ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റുകൾ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ ഏറ്റെടുക്കാനുള്ള നിയമപ്രശ്നങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിന്റെ അടക്കം വിദഗ്ദ്ധോപദേശം തേടിയിരുന്നു. വേഗത്തിൽ വേണ്ടതിനാലാണ് ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാം ഘട്ടത്തിലും. ഒന്നുംരണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നതിനുള്ള വിശദ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി.