ജലജീവൻ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ
വകുപ്പുകളുടെ ഏകോപനത്തിന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ യോഗം

കോട്ടയം: ജലജീവൻ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ
വകുപ്പുകളുടെ ഏകോപനത്തിന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരാൻ ജില്ലാ
വികസന സമിതി യോഗത്തിൽ തീരുമാനം. ജലജീവൻ മിഷൻ വഴി നൽകിയ കുടിവെള്ള
കണക്ഷനുകളിൽ പലതിലും ഇനിയും ജലമെത്തിയിട്ടില്ലെന്നും പദ്ധതിക്കായി പൊളിച്ച
റോഡുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തത്ത് ജനങ്ങൾക്കു പലതരത്തിലുള്ള
ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാർ
ചൂണ്ടിക്കാട്ടി.തെങ്ങണ ജങ്ഷൻ നവീകരണത്തിനുവേണ്ടി ഭൂമി
ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള നടപടികൾ തുടരുകയാണെന്നും ഡി.പി.ആർ.
സമർപ്പിച്ചിട്ടുണ്ടെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയെ യോഗം അറിയിച്ചു.
നിലവിലെ ഓഫീസ് ഷിഫ്റ്റിങ്ങ് പൂർത്തിയായാൽ ഒരുമാസത്തിനുള്ളിൽ ചങ്ങനാശേരി
താലൂക്ക് ഓഫീസിന്റെ നവീകരണം സാധ്യമാക്കുമെന്നും യോഗം അറിയിച്ചു. ചങ്ങനാശേരി
നഗരസഭ ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ നിർമാണപൂർത്തീകരണം ഒക്‌ടോബർ പത്തിന്
മുമ്പ് സാധ്യമാക്കണമെന്നും എം.എൽ.എ. യോഗത്തിൽ ആവശ്യപ്പെട്ടു.പെൻകുന്നം,
കാഞ്ഞിരപ്പള്ളി, കറുകച്ചാൽ തുടങ്ങിയ ടൗണുകളിൽ വാഹനങ്ങളുടെ അനധികൃത
പാർക്കിങ് രൂക്ഷമായ ഗതാഗത കുരുക്കുണ്ടാക്കുന്നുണ്ടെന്നും പരിഹാരനടപടികൾ
സ്വീകരിക്കണമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു.
പ്‌ളോട്ടുകൾ തിരിച്ചുവിൽക്കുന്നതിൽ സർക്കാരിന്റെ മാദനണ്ഡങ്ങൾ
ലംഘിച്ചുകൊണ്ടു പലയിടത്തും വിൽപനകൾ നടക്കുന്നുണ്ടെന്നും നിയമലംഘനങ്ങൾ തടയാൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു. കുടിവെള്ള
ലൈനുകളിലെ തകരാറുകൾ വേഗത്തിൽ പരിഹരിക്കാനുള്ള വാട്ടർ അതോറിട്ടിയുടെ ബ്‌ളൂ
ബ്രിഗേഡിന്റെ ഫോൺനമ്പറുകൾ എല്ലാവർക്കും ലഭ്യമാകുന്നതിനുള്ള നടപടികൾ
സ്വീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു. നാഗമ്പടം
റൗണ്ടാനയിൽ ചെയ്തതു പോലെ നഗരത്തിന്റെ പ്രവേശനകവാടമായ ഐഡ ജംഗ്ഷനും
സ്‌പോൺസർമാരുടെ പിന്തുണയോടെ സൗന്ദര്യവൽക്കരിക്കുന്നതിന് ജില്ലാ ഭരണകൂടം
നടപടി സ്വീകരിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു. ജില്ലാ
കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ  ജില്ലാ ആസൂത്രസമിതി കോൺഫറൻസ്
ഹാളിൽ ചേർന്ന യോഗത്തിൽ ചീഫ് വിപ്പ് ഡോ: എൻ. ജയരാജ്, എം.എൽ. എ മാരായ
അഡ്വ.ജോബ് മൈക്കിൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്
ബീന പി. ആനന്ദ്, അഡീഷണൽ എസ്.പി. വിനോദ് പിള്ള, സബ് കളക്ടർ ഡി. രഞ്ജിത്ത്,
ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!