കാരിച്ചാൽ ചുണ്ടൻ ജലരാജാവ്

ആലപ്പുഴ: പുന്നമടക്കായലിലെ ആവേശപ്പൂരത്തിനൊടുവിൽ ജലരാജാവായി കിരീടം ചൂടി കാരിച്ചാൽ ചുണ്ടൻ. 70ാമത് നെഹ്റുട്രോഫി ജലമേളയിൽ തുടർച്ചയായി അഞ്ച് തവണ കപ്പ് നേടുന്ന ആദ്യ ക്ളബ്ബായി ചരിത്രം കുറിച്ചിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട് ക്ളബ്. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് മത്സരം ഉദ്ഘാടനം ചെയ്തത്.വൈകിട്ട് മൂന്നരയോടെയാണ് വള്ളംകളി പ്രേമികൾ കാത്തിരുന്ന ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം ആരംഭിച്ചത്. അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരച്ചത്. ഹീറ്റ‌്സ് മത്സരത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്ത നാല് ടീമുകളാണ് ഫൈനലിന് യോഗ്യത നേടിയത്. കാരിച്ചാൽ (4:14:35), വിയപുരം (4:22:58), നിരണം (4:23:00), നടുഭാഗം (4:23:31) എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്.ഹീറ്റ്സ് ഒന്നിൽ പായിപ്പാടൻ നമ്പര്‍ രണ്ട്, ആലപ്പാടൻ, ആയാപ്പറമ്പ്, ആനാരി എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്. രണ്ടാം ഹീറ്റ്സിൽ ശ്രീവിനായകൻ, ചമ്പക്കുളം, സെന്റ് ജോര്‍ജ്, ജവഹര്‍ തായങ്കരി എന്നീ ചുണ്ടൻ വള്ളങ്ങളും മത്സരിച്ചു. ഹീറ്റ്സ് മൂന്നിൽ ചെറുതന, തലവടി, സെന്റ് പയസ് ടെന്‍ത്, പായിപ്പാടൻ എന്നിവരും ഹീറ്റ്സ് നാലിൽ നിരണം, വിയപുരം, നടുഭാഗം, കരുവാറ്റ ചുണ്ടനുകളും ഹീറ്റ്സ് അഞ്ചിൽ വലിയ ദിവാൻജി, മേല്‍പ്പാടം, കാരിച്ചാല്‍ ചുണ്ടനുകളുമാണ് മാറ്റുരച്ചത്.വയനാട് ദുരന്തത്തെ തുടർന്ന് ഓഗസ്റ്റ് പത്തിന് മാറ്റിവച്ച വള്ളംകളി മത്സരമാണ് ഇന്ന് നടന്നത്. 19 ചുണ്ടൻ ഉൾപ്പടെ 72 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. വിദേശത്തുനിന്നടക്കം ആയിരങ്ങളാണ് മത്സരം കാണാനെത്തിയത്.

error: Content is protected !!