അ​മ​രാ​വ​തി വീ​ട്ടി​ലേക്ക് ചേ​ത​ന​യ​റ്റ് അർജുൻ ;വിടചൊല്ലി നാടും വീടും, യാത്രാമൊഴിയേകി ജനസാഗരം, മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന് വിട നല്‍കി നാട്. അവസാനമായി യാത്ര പറയാന്‍ ആയിരങ്ങൾ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തി. വീട്ടിലെ പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് മൃതദേഹം സംസ്കരിച്ചത്.

ഡിഎൻഎ പരിശോധനയ്‌ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ഇന്നലെ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും അനുഗമിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഷ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ വിലാപയാത്രയ്‌ക്ക് ഒപ്പമുണ്ടായിരുന്നു. ലോറിയുടെ കാബിനില്‍ നിന്നും ലഭിച്ച അര്‍ജുന്റെ ഫോണും പേഴ്‌സും വാച്ചും അടക്കമുള്ളവ ആംബുലന്‍സിന് പിന്നാലെ കാറിലാണ് കൊണ്ടുവന്നത്.കണ്ണാടിക്കല്‍ പ്രേമന്റെയും ഷീലയുടെയും മകന്‍ അര്‍ജുന്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. ചെറുപ്രായത്തിലെ പല ജോലികള്‍ ചെയ്ത് കൂലിപ്പണിക്കാരനായ അച്ഛന്‍, അമ്മ രണ്ടു സഹോദരിമാര്‍ ഒരു അനിയന്‍ എന്നിവരെയെല്ലാം പോറ്റി. പ്ലസ്ടു വിന് ശേഷം ഒരു തുണിക്കടയിൽ ജോലി നോക്കി. ഇടയ്‌ക്കിടെ പെയിന്റിംഗ് അടക്കമുള്ള മറ്റ് ജോലികള്‍ ചെയ്തു. പൊതുരംഗത്തും സജീവമായിരുന്നു. അവരുടെ എല്ലാം പ്രിയപ്പെട്ട അര്‍ജുനെ ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും സ്‌നേഹവും ദുഃഖം കലര്‍ന്ന് യാത്രയാക്കി.

error: Content is protected !!