മുണ്ടക്കയം: മുണ്ടക്കയം ബൈപാസിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മതിയായ ഡ്രെയിനേജ് സംവിധാനത്തിന് 17 ലക്ഷം രൂപ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.ബൈപാസിലെ വെള്ളക്കെട്ട് വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാർക്കും വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് റോഡിന്റെ വശത്ത് രണ്ട് കലുങ്കുകൾക്കിടയിലായി 200 മീറ്റർ നീളത്തിൽ ഓട നിർമിക്കുന്നതിന് 17 ലക്ഷം രൂപ അനുവദിച്ചത്. ഓട നിർമാണത്തിന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ ഓട നിർമാണം പൂർത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുമെന്നും എംഎൽഎ അറിയിച്ചു.ഇതുകൂടാതെ മുണ്ടക്കയം ഗാലക്സി ജംഗ്ഷനും പോസ്റ്റ്ഓഫീസ് ജംഗ്ഷനുമിടയിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 32 ലക്ഷം രൂപ അനുവദിച്ച് പുതിയ കലുങ്ക് നിർമിക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.