എൻ സി സി യുടെ ആഭിമുഖ്യത്തിൽ ശംഖുമുഖം ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

തിരുവനന്തപുരം : അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിൻ്റെ ഭാഗമായി
എൻ സി സിയുടെ അഭിമുഖ്യത്തിൽ ‘വിഴിഞ്ഞം-കോവളം-ശംഖുമുഖം’ തീരപ്രദേശത്തെ ഏകദേശം 11 കിലോമീറ്റർ ദൈർഘ്യമുള്ള വിവിധ ബീച്ചുകളിൽ ഒരേസമയത്ത് ‘ബീച്ച് കോമ്പിംഗ് ഓപ്പറേഷൻ’ എന്ന ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . ശംഖുമുഖം ബീച്ചിൽ നടന്ന ചടങ്ങ് ബ്രിഗേഡിയർ ആനന്ദ് കുമാർ, പരിയാവരൻ എൻ.ജി.ഒ യുടെ ചെയർമാൻ ഡോ. സുഭാഷ് , ‘സേവ് ദ വെറ്റ്ലാൻഡ്സ്’ എൻ.ജി.ഒ ചെയർമാൻ ഡോ. തോമസ് ലോറൻസ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം എൻസിസി ഗ്രൂപ്പിൻെറ ആർമി , നേവി , എയർഫോഴ്സ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള കേഡറ്റുകളും
ഇന്ത്യൻ തീരസംരക്ഷണ സേന , ‘പര്യാവരൻ സംരക്ഷണൻ’ എന്ന പ്രാദേശിക എൻജിഒ സംഘടന എന്നിവരും ശംഖുമുഖം ബീച്ചിൽ നടന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

350 എൻ സി സി കേഡറ്റുകളും 25 ANO മാരും PI സ്റ്റാഫുകളും പങ്കെടുത്ത ഈ ശുചീകരണ യജ്ഞത്തിൻ്റെ ഫലമായി റെക്കോഡ് സമയം കൊണ്ട് തീരത്തിൻ്റെ മൊത്തത്തിലുള്ള മുഖഛായ മാറുന്നത് സാക്ഷ്യം വഹിച്ചു. ചടങ്ങിൻ്റെ ഭാഗമായി പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും മാലിന്യ സംസ്‌കരണത്തിൻ്റെ വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ചും കേഡറ്റുകളെ ബോധവൽക്കരിക്കുകയും അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

error: Content is protected !!