ശാസ്‌ത്രോത്സവം: 10 ഇനങ്ങൾ ഒഴിവാക്കി,11 ഇനങ്ങൾ കൂട്ടിച്ചേർത്തു ;പ്രവൃത്തിപരിചയമേള മാന്വല്‍ ഭേദഗതിവരുത്തി

കണ്ണൂർ : സ്കൂൾതല മത്സരം പൂർത്തിയായി ഉപജില്ലാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ്‌ നടക്കുന്നതിനിടെ ഭേദഗതിവരുത്തി പ്രവൃത്തിപരിചയമേള മാന്വൽ എത്തി. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 10 ഇനങ്ങൾ ഒഴിവാക്കിയും 11 ഇനങ്ങൾ കൂട്ടിച്ചേർത്തുമാണ് മാന്വൽ ഭേദഗതി ചെയ്തത്.

മാന്വൽ ഭേദഗതി ചെയ്യുമെന്ന് കഴിഞ്ഞവർഷം പറഞ്ഞിരുന്നു. ഈ അധ്യയനവർഷം ആരംഭിക്കുമ്പോൾ ഭേദഗതി ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല.ഒക്ടോബർ രണ്ടാം വാരത്തിനുള്ളിൽ ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചതോടെ സ്കൂൾതല മത്സരങ്ങൾ ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളിൽ പൂർത്തിയായി.

ഒഴിവാക്കിയ ഇനങ്ങളിൽ പലതും ഉത്പാദന പ്രക്രിയയ്ക്ക് ഊന്നൽ നൽകിയുള്ള പരമ്പരാഗത തൊഴിൽ മേഖലയിൽ ഉൾപ്പെടുന്നതാണെന്നും സ്കൂൾതല മത്സരങ്ങൾ കഴിഞ്ഞ് ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിയോട് ഇനം ഒഴിവാക്കിയെന്ന് പറയുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നുമുള്ള പരാതിയുമായി പ്രവൃത്തി പരിചയ മേഖലയിലെ അധ്യാപകർ രംഗത്തെത്തി.വലിയ തുക ചെലവഴിച്ച് അസംസ്കൃത സാധനങ്ങൾ വാങ്ങി ഉപജില്ലാ മത്സരങ്ങളിൽ തയ്യാറെടുത്ത വിദ്യാർഥികളോടാണ് അവസാന മണിക്കൂറിൽ മത്സര ഇനം ഒഴിവാക്കിയതായി അറിയിക്കുന്നത്. സാധാരണമായി മാന്വലിൽ ഭേദഗതി വരുത്തുമ്പോൾ അതിന്റെ കരട് പ്രസിദ്ധീകരിക്കുകയും അധ്യാപക സംഘടനാ നേതാക്കളുടെയും പ്രവൃത്തിപരിചയ മേഖലയിലെ അധ്യാപകരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അത്തരമൊരു ആലോചന നടന്നില്ലെന്ന് അധ്യാപകർ പറയുന്നു. പ്രവൃത്തിപരിചയ മേഖലയുമായി ബന്ധമില്ലാത്തവരാണ് മാന്വൽ ഭേദഗതി തയ്യാറാക്കിയതെന്നും ഇവർ ആരോപിക്കുന്നു.

എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ നേടിയ വിദ്യാർഥികൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ നേടിയാൽ ഗ്രേസ് മാർക്കിന് അർഹതയുണ്ട്. എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുമ്പോൾ ഇപ്പോൾ ഒഴിവാക്കിയ ഇനങ്ങളിൽ മത്സരിച്ച് ഗ്രേസ് മാർക്കിനായി കാത്തിരിക്കുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. ഇനങ്ങള്‍ ഒഴിവായതോടെ ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കില്ല.

error: Content is protected !!