ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പുരുഷ, വനിതാ ടി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. യു.എ.ഇ.യില്‍ അടുത്ത മാസം നടക്കുന്ന വനിതാ ടി20 ലോകകപ്പ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇതോടെ പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ തുക വനിതാ താരങ്ങള്‍ക്കും ലഭിക്കുന്ന ഐ.സി.സി.യുടെ ആദ്യ ടൂര്‍ണമെന്റായി മാറും വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ്.ടി20 ലോകകപ്പ് ജേതാക്കള്‍ക്ക് 19.5 കോടി രൂപ ലഭിക്കും. 2023-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിനേക്കാള്‍ 134 ശതമാനമാണ് തുകയിലെ വര്‍ധന. 2023-ല്‍ എട്ട് കോടി രൂപയാണ് നല്‍കിയിരുന്നത്.2030 ആവുന്നതോടെ ടി20 ലോകകപ്പില്‍ വനിതകളുടെ വേതനം പുരുഷന്മാരുടേതിന് തുല്യമാക്കുമെന്ന് കഴിഞ്ഞവര്‍ഷം നടന്ന ഐ.സി.സി.യുടെ വാര്‍ഷിക സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് 2024-ല്‍ തന്നെ നടപ്പാക്കിയിരിക്കുകയാണ് ഐ.സി.സി. ലോകകപ്പ് ടൂര്‍ണമെന്റില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഒരേ സമ്മാനത്തുക നല്‍കുന്ന പ്രധാന ടീം കായിക ഇനമായി ഇതോടെ ക്രിക്കറ്റ് മാറുകയാണ്.
റണ്ണര്‍ അപ്പ് ടീമിന് 14 കോടി രൂപ ലഭിക്കും. ഇതും നേരത്തേ ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലധികമാണ്. സെമി ഫൈനലില്‍ പരാജയപ്പെടുന്ന രണ്ട് ടീമുകള്‍ക്ക് അഞ്ചരക്കോടി രൂപയും ലഭിക്കും. കൂടാതെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്ന ടീമുകള്‍ക്കും ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുന്ന ടീമുകള്‍ക്കും തുക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 78 ശതമാനമാണ് വര്‍ധന. എല്ലാ സമ്മാനത്തുകയുംകൂടി ചേര്‍ത്താല്‍ അറുപത്താറരക്കോടിയോളം ഐ.സി.സി. ചെലവഴിക്കും. ഇത് 2023-ലേതിനേക്കാള്‍ 225 ശതമാനമാണ് വര്‍ധിച്ചത്. ഒക്ടോബര്‍ മൂന്നുമുതല്‍ യു.എ.ഇ.യിലാണ് ടി20 ലോകകപ്പ്.