ന്യൂഡൽഹി: ഡൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി. അരവിന്ദ് കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ പിൻഗാമിയായി അതിഷി മർലേന ചുമതലയേൽക്കും. ഇന്ന് നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് അന്തിമ പ്രഖ്യാപനം ഉണ്ടായത്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതയാണ് അതിഷി. അരവിന്ദ് കേജ്‌രിവാളിന് പുറമെ മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കൾ അതിഷിയെയാണ് പിന്തുണച്ചത്. കേജ്‌രിവാളിനെ ജയിലിലടച്ചപ്പോൾ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കാണ് അവർ വഹിച്ചത്. 14 വകുപ്പുകളുടെ ചുമതലയും അതിഷിയാണ് നോക്കിയത്. ഡൽഹി നിയമസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായും അതിഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശക്തമായ പ്രസംഗ പാടവവും അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മുൻനിരക്കാരിലൊരാളാക്കി മാറ്റുകയായിരുന്നു.രണ്ട് ദിവസത്തിനുള്ളിൽ ഡൽഹി മുഖ്യമന്ത്രി പദവിയിൽ നിന്ന് രാജിവയ്ക്കുമെന്ന് ഞായറാഴ്ച കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിഞ്ഞിരുന്നപ്പോൾ പോലും രാജിവയ്‌ക്കാത്ത അദ്ദേഹം എന്തുകൊണ്ട് ജാമ്യം ലഭിച്ചതിന് ശേഷം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി എന്ന ചോദ്യമാണ് രാജ്യമാകെ ഉയർന്നത്.താൻ സത്യസന്ധനാണെന്ന് ജനങ്ങളെ മാത്രം ബോധിപ്പിച്ചാൽ മതിയെന്ന് പറഞ്ഞ് കേജ്‌രിവാൾ മദ്യനയക്കേസിലെ മറ്റൊരു പ്രതിയും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ രാജി കൂടി പ്രഖ്യാപിച്ചു. തങ്ങൾ സത്യസന്ധരാണെന്ന് ജനങ്ങൾ വിധിയെഴുതിയ ശേഷം അതത് സ്ഥാനങ്ങളിൽ തിരിച്ചെത്തുമെന്നും കേജ്‌രിവാൾ വ്യക്തമാക്കി.