കരിനിലം-പശ്ചിമ റോഡ്: പുതുക്കിയ ഭരണാനുമതി നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ.

കരിനിലം-പശ്ചിമ റോഡ് പുനരുദ്ധാരണം നടത്തുന്നതിന് മുൻപ് ഒരു കോടി രൂപ അനുവദിച്ചിരുന്നതാണ്. ഇത് പ്രകാരം റീ ടാറിങ്ങിന് കരാർ ഏറ്റെടുത്ത കോൺട്രാക്ടർ പ്രവർത്തി പൂർത്തീകരിക്കാതെ ഉപേക്ഷിച്ചു പോയതാണ് റീ ടാറിങ് നടക്കാത്തതിന് കാരണം. തുടർന്ന് കാലവർഷക്കെടുതിയും മറ്റും മൂലം റോഡ് കൂടുതൽ തകർന്നതിനാൽ അധികം ഫണ്ട് ആവശ്യമായി വന്നിരിക്കുകയാണ്. അധിക ഫണ്ട് അനുവദിക്കുന്നതിനുള്ള എസ്റ്റിമേറ്റും പ്രൊപ്പോസലും ഗവൺമെന്റിൽ സമർപ്പിച്ചിട്ടുണ്ട്. ഒരിക്കൽ പ്രവർത്തി നടത്താൻ ഫണ്ട് അനുവദിക്കുകയും, പ്രസ്തുത തുകയ്ക്ക് റീ ടാറിങ് നടക്കാൻ ഇടയാകാതെ ഗവൺമെന്റിന് അധിക ബാധ്യത വരുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മാനുവൽ പ്രകാരം ചീഫ് ടെക്നിക്കൽ എക്സാമിനറും, ചീഫ് എൻജിനീയറും അടക്കം ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച് അനുകൂല റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ അധിക ഫണ്ട് ലഭ്യമാവുകയുള്ളൂ. അത്തരം സാഹചര്യത്തിൽ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിയും ആവശ്യമുണ്ട്. ഈ സാങ്കേതിക കാരണങ്ങളാൽ ആണ് പുനരുദ്ധാരണം വൈകുന്നത്. അതുപോലെതന്നെ ഈ കാലയളവിനിടയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിൽ ഉണ്ടായിരുന്നതിനാലും നടപടിക്രമങ്ങൾക്ക് കാലതാമസം നേരിട്ടു. ഇപ്രകാരമുള്ള സാഹചര്യങ്ങൾ മൂലമാണ് റീ ടാറിങ് വൈകാൻ ഇടയായത്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടി കാണിച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണം നടത്തുമെന്ന് സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചിരുന്നതുമാണ് .ഇപ്പോൾ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ആവശ്യമുള്ള ഒരുകോടി ഇരുപത്തിയൊന്ന് ലക്ഷത്തി അറുപത്തി ആറായിരം രൂപ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അനുകൂല റിപ്പോർട്ടോടുകൂടി പ്രൊപ്പോസലും, എസ്റ്റിമേറ്റും ധനകാര്യ വകുപ്പിൽ സമർപ്പിച്ചിരിക്കുകയാണെന്നും, ധനകാര്യവകുപ്പിലെ ഐ & പിഡബ്ല്യുഡി/ ബി1/4/2023 നമ്പർ ഫയൽ പ്രകാരം വിഷയം ധനകാര്യ മന്ത്രിയുടെ പരിഗണനയിൽ ആണെന്നും, കഴിവതും വേഗം ഭരണാനുമതി നേടിയെടുക്കാൻ ശ്രമിച്ചു വരികയാണെന്നും ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റോഡ് പുനരുദ്ധാരണം നടത്താൻ ശ്രമിച്ചു വരികയാണെന്നും എംഎൽഎ അറിയിച്ചു. റോഡ് പുനരുദ്ധാരണത്തിന് ആത്മാർത്ഥമായി പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴും വ്യക്തിപരമായി ടാർജറ്റ് ചെയ്ത് നടത്തുന്ന സമരങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എംഎൽഎ കൂട്ടിച്ചേർന്നു.

error: Content is protected !!