അതിജീവനത്തിന്റെ മണിമുഴക്കിക്കൊണ്ട് വിദ്യാലയങ്ങള്‍ വീണ്ടുമുണർന്നു

മേപ്പാടി:ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇന്നലെകളില്‍ നിന്നും അതിജീവനത്തിന്റെ പുതിയ പാഠങ്ങളും മുന്നേറ്റങ്ങളുമായി വീണ്ടും അവര്‍ ഒത്തുചേര്‍ന്നു. ആര്‍ത്തലച്ചുപോയ നാടിന്റെ കുരുന്നുകളെ ചേര്‍ത്തുപിടിച്ച് മേപ്പാടിയില്‍ നടന്ന പുന: പ്രവേശനോത്സവം കരുതലിന്റെയും പ്രതീക്ഷകളുടെയും പുതിയ സന്ദേശമായി. മുണ്ടക്കൈ, ചൂരല്‍മല ദുരന്തമേഖലകളില്‍ നിന്നുമുള്ള 607 കുട്ടികള്‍ക്കാണ് മേപ്പാടിയില്‍ അതിവേഗം ക്ലാസ്സ് മുറികള്‍ ഒരുങ്ങിയത്. വര്‍ണ്ണ ബലൂണുകളും കളിപ്പാട്ടങ്ങളും പാഠ പുസ്തകങ്ങളും പഠനകിറ്റുകളുമെല്ലാം നല്‍കി വിദ്യാര്‍ത്ഥികളെ പുതിയ വിദ്യാലയം വരവേറ്റു. മുണ്ടക്കൈ ജി.എല്‍.പി സ്‌കൂളിലെ 61 കുട്ടികളും വെളളാര്‍മല ജി.വി.എച്ച്.എസ്.എസ്സിലെ 546 കുട്ടികളുമാണ് മേപ്പാടിയിലെ പുതിയ ക്ലാസ്സ് മുറികളില്‍ പഠനം തുടരുക. ഇവര്‍ക്കായി മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലും മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലുമാണ് ക്ലാസ്സ് മുറികള്‍ തുറന്നത്.

error: Content is protected !!