തിരുവനന്തപുരം: സുപ്രീംകോടതി റിട്ട: ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ചുള്ള പരാതിയില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് അന്വേഷണം നടത്തുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സംസ്ഥാന ആഭ്യന്തരവകുപ്പ് റിട്ട:ജഡ്ജ് സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തുന്നതിന്റെ നിയമവശം ചോദിച്ചുകൊണ്ട് സംസ്ഥാന നിയമസെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ അന്വേഷണം സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കാവുന്നതാണെന്ന് നിയമവകുപ്പ് സെക്രട്ടറി സംസ്ഥാന ആഭ്യന്തര വകുപ്പിന് നിയമോപദേശവും നല്‍കിയിരുന്നു.സിറിയക് ജോസഫ്, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കത്ത് നല്‍കിയിരുന്നു. സിറിയക് ജോസഫിനെതിരെയുളള ചില കാര്യങ്ങള്‍ക്ക് അന്വേഷണം നടത്തുവാന്‍ ഹൈക്കോടതിയില്‍ സംവിധാനമില്ലെന്നും പരാതിയില്‍ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും ആഭ്യന്തരവകുപ്പാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് മറുപടി നല്‍കി. ചരിത്രത്തില്‍ അപൂര്‍വ്വമായിട്ടാണ് ഒരു സുപ്രീംകോടതി റിട്ട:ജഡ്ജിക്കെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച പരാതിയില്‍ അന്വേഷിക്കാന്‍ ഉത്തരവിടുന്നത്.