കോട്ടയം: സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിതവിഭാഗ വികസനകോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളായ നവജീവന്‍, ജീവാമൃതം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനവും വിവിധ ആനുകൂല്യവിതരണവും വ്യാഴാഴ്ച (സെപ്റ്റംബര്‍ അഞ്ച്) ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടയം ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.പട്ടികജാതി- പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗവികസന വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ -ദേവസ്വം – തുറമുഖം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., പിന്നാക്കവിഭാഗ വികസനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് വായ്പകള്‍ പുനഃക്രമീകരിക്കാനും റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് ഇളവുകള്‍ നല്‍കാനുമുള്ള പദ്ധതികളാണ് നവജീവന്‍, ജീവാമൃതം എന്നിവ. തൊഴിലധിഷ്ഠിത പരിശീലനം പൂര്‍ത്തിയാക്കിയവർക്കുള്ള സര്‍ട്ടിഫിക്കറ്റ്/സ്റ്റൈപന്റ് വിതരണം, എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, പി.ജി./പ്രൊഫഷണല്‍ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹനസമ്മാനം, മെഡിക്കല്‍/ എൻജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷ ചടങ്ങില്‍ സ്വീകരിക്കും.