തിരുവനന്തപുരം : സി.പി.എമ്മിന്റെ എം.എൽ.എയായ പി.വി.അൻവർ നടത്തിയ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളിൽ അന്വേഷണമുണ്ടാകുമെന്ന് രാവിലെ 10ന് കോട്ടയത്ത്മു ഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും രാത്രി 10 ആയപ്പോൾ അത് മാറി സംരക്ഷണ വലയത്തിലാക്കി പവർ ലോബി .ആരോപണങ്ങൾ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമായിട്ടും ആരോപണ വിധേയരായ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെയും അവധിയിലുള്ള പത്തനംതിട്ട എസ്.പി. എസ്.സുജിത് ദാസിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞില്ല.രണ്ടു പൊലീസ് ഓഫീസർമാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അജിത്കുമാറിനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് സസ്പെൻഷനും സ്ഥാനചലനവും ഉൾപ്പെടയുള്ള നടപടി ഉണ്ടാകുമെന്ന നിലവന്നു. എന്നാൽ രാത്രിയോടെ മൂവരെയും പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. അജിത്തിനെ മാറ്റേണ്ട എന്ന് തീരുമാനിച്ചു. പത്തനംത്തിട്ട എസ്.പി സുജിത് ദാസിനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിലൊതുക്കി.പത്തനംത്തിട്ട എസ്.പിയായിരുന്ന സുജിത്ത് ദാസിനെഇന്നലെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം നൽകിയിട്ടില്ല. സുജിത്ത് സംസ്ഥാന പൊലീസ് മേധാവി മുൻപാകെ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (1) സൂപ്രണ്ടായ വി.ജി. വിനോദ് കുമാറിനെ പുതിയ പത്തനംത്തിട്ട എസ്.പിയായി നിയമിച്ചു.എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ മാറ്റി നിറുത്തില്ലെന്നാണ് തീരുമാനമെങ്കിലും സമ്മർദ്ദമേറിയാൽ മാറ്റുമെന്നും സൂചനയുണ്ട്.അതേസമയം,അജിത് കുമാറിന്റെ വഴിവിട്ട പ്രവൃത്തികൾക്ക് ചുക്കാൻ പിടിച്ചെന്ന് അൻവർ ആരോപിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും സംരക്ഷണമുണ്ട്. എന്നാൽ, പി.ശശിക്കെതിരെയും നടപടി വേണമെന്ന ആവശ്യം സി.പി.എമ്മിലും എൽ.ഡി.എഫിലും ശക്തമാണ്.സെക്രട്ടറിയായശേഷം പാർട്ടി എം.എൽ.എമാർക്കുപോലും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ലെന്നും ക്രിമിനൽ,കള്ളക്കടത്ത് മാഫിയകളാണ് അവിടെ വിലസുന്നതെന്നുമാണ് കാരാട്ട് റസാഖിന്റെ ആരോപണം.ഡി.ജി.പി ഉൾപ്പെട്ട പൊലീസ് സംഘം അന്വേഷിക്കുംഎ.ഡി.ജി.പി എം.ആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംസ്ഥാന പൊലീസ് മേധാവിഷെയ്ക് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ സൗത്ത് സോൺ ഐ.ജിയും സിറ്റി പൊലീസ് കമ്മീഷണറുമായ ജി. സ്പർജൻ കുമാർ , തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ,തിരുവനന്തപുരം എസ്.എസ്.ബി ഇന്റലിജൻസ് എസ്.പി എ.ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിച്ചത്.ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.