ഉൽ‌പ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും കൃത്യമായ 2025-26 സാമ്പത്തിക സർവ്വെ: പ്രധാന വസ്തുതകൾ

ന്യൂഡൽഹി : 29 ജനുവരി 2026

2025-26-ലെ സാമ്പത്തിക സർവേ, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തിക സർവെയിലെ പ്രധാന വസ്തുതകൾ ചുവടെ ചേർക്കുന്നു.

സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ സ്ഥിതി

1. ആഗോള സാമ്പത്തിക പരിതസ്ഥിതി ദുർബലമായി തുടരുന്നു. വളർച്ച പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര തർക്കങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ മൂലം അപകടസാധ്യതകൾ ഉയർന്നു നിൽക്കുന്നു. ഈ വിപരീത ഘടകങ്ങൾ മൂലം പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു.

2. ഈ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ പ്രകടനം വേറിട്ടുനിൽക്കുന്നു. സാമ്പത്തിക വർഷം 2025-26ലെ യഥാർത്ഥ GDP വളർച്ച 7.4 ശതമാനമായിരിക്കുമെന്നും GVA വളർച്ച 7.3 ശതമാനമായിരിക്കുമെന്നും ആദ്യ മുൻ‌കൂർ  എസ്റ്റിമേറ്റുകൾ  പ്രവചിക്കുന്നു. തുടർച്ചയായ നാലാം വർഷവും ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന പദവി ഇന്ത്യ ഊട്ടിയുറപ്പിക്കുന്നു.

3. സാമ്പത്തിക വർഷം 2025-26-ൽ സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് 7.0 ശതമാനം വർധിച്ച്, GDPയുടെ 61.5 ശതമാനത്തിലേക്ക് എത്തി, 2012-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായി ഇത് രേഖപ്പെടുത്തി (സാമ്പത്തിക വർഷം 23-ലും 61.5 ശതമാനം രേഖപ്പെടുത്തിയിരുന്നു). കുറഞ്ഞ പണപ്പെരുപ്പം, തൊഴിൽ മേഖലയിലെ സ്ഥിരത, ഉയർന്നു നിൽക്കുന്ന വാങ്ങൽ ശേഷി എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്തുണ നൽകുന്നത്. ശക്തമായ കാർഷിക പ്രകടനം ഗ്രാമീണ ഉപഭോഗം മെച്ചപ്പെടുത്തിയിട്ടുണ്ട്. അതേസമയം നികുതികൾ യുക്തിസഹമാക്കിയതോടെ  നഗര മേഖലകളിലെ ഉപഭോഗത്തിലുണ്ടായ വർധനവ് വിപുലമായ ആവശ്യകതയുടെ സൂചനയാണ്

4. 2026 സാമ്പത്തിക വർഷത്തിൽ നിക്ഷേപ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു, മൊത്ത സ്ഥിര മൂലധന രൂപീകരണം 7.8 ശതമാനം വളർച്ച കൈവരിക്കുകയും ജിഡിപിയുടെ 30 ശതമാനമെന്ന നിലയിൽ സ്ഥിരത കൈവരിക്കുകയും  ചെയ്തു. കോർപ്പറേറ്റ് പ്രഖ്യാപനങ്ങളിൽ നിന്ന് വ്യക്തമാകുന്നതുപോലെ, സുസ്ഥിരമായ പൊതു മൂലധന ചെലവും സ്വകാര്യ നിക്ഷേപ പ്രവർത്തനങ്ങളിലെ പുനരുജ്ജീവനവുമാണ് ഇതിന് ആക്കം കൂട്ടിയത്.

5. വിതരണ മേഖലയിൽ, സേവനങ്ങൾ വളർച്ചയുടെ പ്രധാന ചാലകശക്തിയായി നിലനിൽക്കുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, സേവനങ്ങൾക്കായുള്ള മൊത്ത മൂല്യവർദ്ധനവ് (GVA) 9.3 ശതമാനം വർദ്ധിച്ചു, മൊത്തം സാമ്പത്തിക വർഷത്തിൽ 9.1 ശതമാനം വളർച്ചയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ പ്രവണത മേഖലയിലുടനീളമുള്ള വികാസത്തെ സൂചിപ്പിക്കുന്നു.

സാമ്പത്തിക പ്രവണതകൾ: വിശ്വസനീയമായ ദൃഢീകരണത്തിലൂടെ സ്ഥിരത ഉറപ്പാക്കൽ

1. സർക്കാരിന്റെ വിവേകപൂർണ്ണമായ ധനകാര്യ മാനേജ്മെന്റ് ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക, ധനകാര്യ ചട്ടക്കൂടിന്റെ വിശ്വാസ്യതയും ആത്മവിശ്വാസവും ശക്തിപ്പെടുത്തുന്നു. ഇത് 2025-ൽ മൂന്ന് സോവറിൻ ക്രെഡിറ്റ് റേറ്റിംഗുകളിലെ  ഉയർച്ചയ്ക്ക് കാരണമായി – മോർണിംഗ്സ്റ്റാർ ഡിബിആർഎസ്, എസ് & പി ഗ്ലോബൽ റേറ്റിംഗുകൾ, റേറ്റിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഇൻഫർമേഷൻ (ആർ & ഐ), ഇൻ‌കോർപ്പറേറ്റഡ് എന്നിവ ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തി.

2. കേന്ദ്രത്തിന്റെ വരുമാനം 2016 മുതൽ 2020 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ ജിഡിപിയുടെ ശരാശരി 8.5 ശതമാനത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ (പി‌എ) ജിഡിപിയുടെ 9.2 ശതമാനമായി വർദ്ധിച്ചു. കോർപ്പറേറ്റ് ഇതര നികുതി പിരിവുകളിലെ വർദ്ധനവാണ് ഈ പുരോഗതിക്ക് കാരണമായത്, ഇത് മഹാമാരിയ്ക്ക് മുമ്പുള്ള ജിഡിപിയുടെ ഏകദേശം 2.4 ശതമാനം എന്നതിൽ നിന്ന് മഹാമാരിയ്ക്ക് ശേഷം ഇത് ഏകദേശം 3.3 ശതമാനമായി ഉയർന്നു.

3. പ്രത്യക്ഷ നികുതി അടിത്തറ ക്രമാനുഗതമായി വികസിച്ചു. ആദായനികുതി റിട്ടേൺ ഫയലിംഗ് 2022 സാമ്പത്തിക വർഷത്തിലെ 6.9 കോടിയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 9.2 കോടിയായി വർദ്ധിച്ചു. മെച്ചപ്പെട്ട അനുവർത്തനം, നികുതി പിരിവിലെ സാങ്കേതികവിദ്യയുടെ ഉപയോഗം, വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നികുതി ശൃംഖലയിൽ പ്രവേശിക്കുന്ന വ്യക്തികളുടെ എണ്ണത്തിലെ വർദ്ധന  എന്നിവയാണ് ഉയർന്ന റിട്ടേൺ ഫയലിംഗുകൾ പ്രതിഫലിപ്പിക്കുന്നത്.

4. 2025 ഏപ്രിൽ-ഡിസംബർ കാലയളവിൽ മൊത്ത ജിഎസ്ടി പിരിവ് 17.4 ലക്ഷം കോടിയായിരുന്നു. ഇത് വാർഷികാടിസ്ഥാനത്തിൽ 6.7 ശതമാനം വളർച്ച രേഖപ്പെടുത്തി. ജിഎസ്ടി വരുമാന വളർച്ച നിലവിലുള്ള  ജിഡിപി വളർച്ച സാഹചര്യങ്ങൾക്ക് അനുപൂരകമാണ്. സമാന്തരമായി, ഉയർന്ന ആവൃത്തി സൂചകങ്ങൾ ശക്തമായ ഇടപാട് മൂല്യത്തെ സൂചിപ്പിക്കുന്നു. 2025 ഏപ്രിൽ-ഡിസംബർ കാലയളവിൽ സഞ്ചിത ഇ-വേ ബിൽ മൂല്യം പ്രതിവർഷം 21 ശതമാനം വർദ്ധിച്ചു.

5. മഹാമാരിയ്ക്ക് മുമ്പുള്ള കാലഘട്ടത്തിൽ ജിഡിപിയുടെ ശരാശരി 2.7 ശതമാനമായിരുന്ന കേന്ദ്ര സർക്കാരിന്റെ  മൂലധന ചെലവ്, മഹാമാരിയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ ഏകദേശം 3.9 ശതമാനമായും 2025 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 4 ശതമാനമായും ഉയർന്നു.

6. മൂലധനച്ചെലവിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായം (SASCI) മുഖേന, 2025 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ ഏകദേശം 2.4 ശതമാനമായി മൂലധന ചെലവ് നിലനിർത്താൻ കേന്ദ്രം സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു.

7. മഹാമാരിയ്ക്ക് മുമ്പുള്ള കാലഘട്ടത്തിലെന്ന പോലെ, സംസ്ഥാന സർക്കാരുകളുടെ സഞ്ചിത ധനക്കമ്മി, മഹാമാരിയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ ജിഡിപിയുടെ ഏകദേശം 2.8 ശതമാനമായി സ്ഥിരതയോടെ തുടർന്നു. എന്നാൽ സമീപ വർഷങ്ങളിൽ 2025 സാമ്പത്തിക വർഷത്തിൽ ഇത് 3.2 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത് സംസ്ഥാന ധനകാര്യത്തിൽ ഉയർന്നുവരുന്ന സമ്മർദ്ദങ്ങളെ പ്രതിഫലിപ്പിക്കുന്നു.

8. ഉയർന്ന പൊതു നിക്ഷേപം നിലനിർത്തിക്കൊണ്ടുതന്നെ, ഇന്ത്യ 2020 മുതൽ അതിന്റെ പൊതു വായ്പ-ജിഡിപി അനുപാതം ഏകദേശം 7.1 ശതമാനം കുറച്ചു.

ധനകാര്യ മാനേജ്‌മെന്റും സാമ്പത്തിക ഇടപെടലും: നിയന്ത്രണ പരിഷ്‌ക്കാരം

ധനപരമായ വശങ്ങൾ

1. തന്ത്രപരമായ നയ നടപടികളും സാമ്പത്തിക ഇടപെടലുകളിലൂടെയുള്ള ഘടനാപരമായ പ്രതിരോധശേഷിയും മൂലം ഇന്ത്യയുടെ ധനകാര്യ, സാമ്പത്തിക മേഖലകൾ 2026 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-ഡിസംബർ 2025) ശക്തമായ പ്രകടനം കാഴ്ചവച്ചു.

ബാങ്കിംഗ് മേഖലയുടെ പ്രകടനം

2. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ (SCBs) ആസ്തി ഗുണനിലവാരത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 2025 സെപ്റ്റംബറിൽ അവയുടെ GNPA അനുപാതം 2.2% ഉം 2025 സെപ്റ്റംബറിൽ അറ്റ NPA അനുപാതം 0.5% ഉം ആയിരുന്നു, ഇത് യഥാക്രമം ദശാബ്ദക്കാലയളവിലെ താഴ്ന്ന നിലയിലും റെക്കോർഡ് താഴ്ന്ന നിലയിലും എത്തി.

3. 2025 ഡിസംബർ 31-ലെ കണക്കനുസരിച്ച്, എസ്‌സി‌ബികളുടെ കുടിശ്ശിക വായ്പയിലെ വാർഷിക വളർച്ച 2024 ഡിസംബറിലെ 11.2 ശതമാനത്തിൽ നിന്ന് 14.5 ശതമാനമായി വർദ്ധിച്ചു.

സാമ്പത്തിക സർവ്വാശ്ലേഷിത്വം

4. 2014-ൽ ആരംഭിച്ച പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) 2025 മാർച്ച് വരെയുള്ള കാലയളവിൻ 155.02 കോടി അക്കൗണ്ടുകൾ തുറന്നു, ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിൽ 36.63 കോടി അക്കൗണ്ടുകൾ ആരംഭിച്ചു. മുമ്പ് ബാങ്കിങ് സൗകര്യമില്ലാതിരുന്ന ജനവിഭാഗങ്ങൾക്ക് അടിസ്ഥാന സമ്പാദ്യവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി.

5. സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി പട്ടികജാതി, പട്ടികവർഗ, വനിതാ സംരംഭകർക്ക് ഗ്രീൻഫീൽഡ് സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം മുതൽ 1 കോടി വരെ ബാങ്ക് വായ്പ വാഗ്ദാനം ചെയ്യുന്നു.

6. പിഎം സ്ട്രീറ്റ് വെണ്ടഴ്സ് ആത്മനിർഭർ നിധി (പിഎം സ്വാനിധി) പദ്ധതി വഴിയോര കച്ചവടക്കാർക്ക് ഈട് രഹിത പ്രവർത്തന മൂലധന വായ്പകൾ നൽകുന്നു.

പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) ഉത്പാദനം, വ്യാപാരം, സേവനങ്ങൾ, അനുബന്ധ കാർഷിക പ്രവർത്തനങ്ങൾ എന്നിവയിലെ സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നു. 2025 ഒക്ടോബറോടെ, ഈ പദ്ധതി 55.45 കോടി വായ്പാ അക്കൗണ്ടുകളിലായി 36.18 ലക്ഷം കോടി വിതരണം ചെയ്തു.

സാമ്പത്തിക മേഖലയുടെ ഇതര വശങ്ങൾ

8. 2026 സാമ്പത്തിക വർഷത്തിൽ (2025 ഡിസംബർ വരെ) 235 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ കൂട്ടിച്ചേർക്കപ്പെട്ടു.  ആകെ  ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 21.6 കോടി കവിഞ്ഞു. 2025 സെപ്റ്റംബറിൽ 12 കോടി നിക്ഷേപകർ എന്ന നേട്ടം കൈവരിച്ചത് ഒരു പ്രധാന നാഴികക്കല്ലായിരുന്നു. അതിൽ ഏകദേശം നാലിലൊന്ന് സ്ത്രീകളാണ്.

9. മ്യൂച്വൽ ഫണ്ട് ഇടപാടുകളും വികസിച്ചു. 2025 ഡിസംബർ അവസാനത്തോടെ 5.9 കോടി നിക്ഷേപകർ ഉണ്ടായിരുന്നു, അതിൽ 3.5 കോടി (2025 നവംബർ വരെ) ടയർ-1, ടയർ-2 നഗരങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇത് പരമ്പരാഗത നഗര കേന്ദ്രങ്ങൾക്കപ്പുറം സാമ്പത്തിക പങ്കാളിത്തത്തിന്റെ വ്യാപനം വ്യക്തമാക്കുന്നു.

10. ഗിഫ്റ്റ് സിറ്റിയിലുള്ള  ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രം ആഗോള മൂലധനം ആകർഷിക്കാനും മാർഗ്ഗദർശനത്തിനും ഉള്ള  ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു.

മേഖലാധിഷ്ഠിത കാഴ്ചപ്പാട്

11. 2025-ൽ IMF-ഉം ലോകബാങ്കും സംയുക്തമായി നടത്തിയ ഫിനാൻഷ്യൽ സെക്ടർ അസസ്‌മെന്റ് പ്രോഗ്രാം (FSAP) മുഖേന നിയന്ത്രണ ഗുണനിലവാരത്തിലെ വ്യവസ്ഥാപരമായ വികാസത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. 2024-ൽ ധനകാര്യ മേഖലയിലെ മൊത്തം ആസ്തികൾ GDP-യുടെ ഏകദേശം 187 ശതമാനവും മൂലധന വിപണികൾ കലണ്ടർ വർഷം 2017-ൽ GDP-യുടെ 144 ശതമാനത്തിൽ നിന്ന് കലണ്ടർ വർഷം 2024-ൽ 175 ശതമാനമായും വികസിച്ചു.  പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണ്ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സാമ്പത്തിക സംവിധാനത്തെ ഇരു റിപ്പോർട്ടുകളും സൂചിപ്പിച്ചു. കടുത്ത സമ്മർദ്ദ സാഹചര്യങ്ങളിൽപ്പോലും ബാങ്കുകളും NBFC-കളും മതിയായ മൂലധനം സുരക്ഷയ്ക്കായി കൈവശം വച്ചിട്ടുണ്ടെന്ന് വിലയിരുത്തലുകൾ കണ്ടെത്തി.

ബാഹ്യ മേഖല: കാത്തിരിപ്പിന്റെ സമീപനം

1. കലണ്ടർ വർഷം 2025നും 2024നും മദ്ധ്യേ, ആഗോള വ്യാപാര കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് ഏകദേശം ഇരട്ടിയായി 1 ശതമാനത്തിൽ നിന്ന് 1.8 ശതമാനമായി, ഒപ്പം ആഗോള വാണിജ്യ സേവന കയറ്റുമതിയിൽ രാജ്യത്തിന്റെ പങ്ക് ഇരട്ടിയിലധികമായി ഉയർന്ന് 2 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി.

2. UNCTAD യുടെ വ്യാപാര വികസന റിപ്പോർട്ട് 2025 പ്രകാരം, വ്യാപാര പങ്കാളി വൈവിധ്യവത്ക്കരണത്തിൽ ഇന്ത്യ മുൻനിര സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി സ്ഥാനം പിടിച്ചു, ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തും ഗ്ലോബൽ സൗത്ത് രാജ്യങ്ങളേക്കാൾ ഉയർന്നതുമായ വ്യാപാര വൈവിധ്യ സ്കോർ രേഖപ്പെടുത്തി.

3. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി യുഎസ് ഡോളർ കണക്കിൽ റെക്കോർഡിട്ടു, സേവന കയറ്റുമതിയിലെ ശക്തമായ വളർച്ചയാണ് പ്രധാനമായും 6.1 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്താൻ കാരണം.

4. 2025 സാമ്പത്തിക വർഷത്തിൽ പെട്രോളിതര കയറ്റുമതി 374.3 ബില്യൺ യുഎസ് ഡോളറെന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി, അതേസമയം 2025 സാമ്പത്തിക വർഷത്തിൽ പെട്രോളിതര, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടേതല്ലാത്ത കയറ്റുമതി മൊത്തം ചരക്ക് കയറ്റുമതിയുടെ അഞ്ചിൽ നാല് ഭാഗവും ആയിരുന്നു.

5. 2025 സാമ്പത്തിക വർഷത്തിൽ സേവന കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 387.6 ബില്യൺ യുഎസ് ഡോളറിലെത്തി, 13.6 ശതമാനം വളർച്ച കൈവരിച്ചു. ഇത് സാങ്കേതികവിദ്യയ്ക്കും ബിസിനസ് സേവനങ്ങൾക്കുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തി.

6. സേവന കയറ്റുമതിയിൽ നിന്നുള്ള ശക്തമായ അറ്റ നിക്ഷേപവും വ്യാപാര കമ്മി നികത്തുന്ന പണമൊഴുക്കും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി മിതമായി തുടരാൻ കാരണമായി. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ, ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, മറ്റ് നിരവധി പ്രധാന സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിഡിപിയുടെ ഏകദേശം 1.3 ശതമാനമായിരുന്നു.

7. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ വിദേശ പണത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ സ്വീകർത്താവായി തുടർന്നു. വിദേശ അക്കൗണ്ടിലെ നിക്ഷേപം 135.4 ബില്യൺ യുഎസ് ഡോളറിലെത്തി. ഇത് എക്സ്റ്റേണൽ അക്കൗണ്ടിലെ സ്ഥിരതയെ പിന്തുണച്ചു. വികസിത സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള പണമൊഴുക്കിൽ പങ്ക് വർദ്ധിച്ചു. ഇത് വൈദഗ്ധ്യമുള്ളവരും പ്രൊഫഷണലുമായ തൊഴിലാളികളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന സംഭാവനയെ പ്രതിഫലിപ്പിക്കുന്നു.

8. 2026 ജനുവരി 16-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 701.4 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചു, ഇത് ഏകദേശം 11 മാസത്തെ ഇറക്കുമതി പരിരക്ഷ ഉറപ്പാക്കുകയും ബാഹ്യ കടത്തിന്റെ 94 ശതമാനത്തിലധികം നികത്തുകയും ചെയ്തു. അതുവഴി ബാഹ്യമായ ചാഞ്ചാട്ടങ്ങൾക്കെതിരായ പ്രതിരോധശേഷി ശക്തിപ്പെടുത്തി.

9. ശോഭനമല്ലാത്ത ആഗോള നിക്ഷേപ അന്തരീക്ഷത്തിനിടയിലും, ഇന്ത്യ ഗണ്യമായ തോതിൽ വിദേശ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കുന്നത് തുടർന്നു. 2025 ഏപ്രിൽ-നവംബർ കാലയളവിൽ മൊത്ത എഫ്ഡിഐ ഒഴുക്ക് 64.7 ബില്യൺ യുഎസ് ഡോളറിലെത്തി.

10. 2024 ൽ ഗ്രീൻഫീൽഡ് നിക്ഷേപ പ്രഖ്യാപനങ്ങളിൽ ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്തെത്തി, ആയിരത്തിലധികം പദ്ധതികൾ അവതരിപ്പിച്ചു. 2020-24 കാലയളവിൽ ഗ്രീൻഫീൽഡ് ഡിജിറ്റൽ നിക്ഷേപങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമായി രാജ്യം ഉയർന്നുവന്നു.

പണപ്പെരുപ്പം: സ്ഥിരതയും നിയന്ത്രണവും കൈവരിച്ചു  

1. സിപിഐ സീരീസ് ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് ഇന്ത്യ രേഖപ്പെടുത്തി. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ ശരാശരി പണപ്പെരുപ്പം 1.7% ആയിരുന്നു. ചില്ലറ പണപ്പെരുപ്പത്തിലെ മിതത്വത്തിന് പ്രധാന  കാരണം ഭക്ഷ്യ, ഇന്ധന വിലകളിലെ പണപ്പെരുപ്പ നിരക്കിലെ പൊതുവായ കുറവാണെന്ന് പറയാം, ഇത് ഇന്ത്യയുടെ ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) 52.7 ശതമാനമാണ്.

2. വളർന്നുവരുന്ന പ്രധാന വിപണികളുടെയും വികസ്വര സമ്പദ്‌വ്യവസ്ഥകളുടെയും (EMDE) കാര്യത്തിൽ, 2024 നെ അപേക്ഷിച്ച് 2025 ൽ ഇന്ത്യയിലെ പണപ്പെരുപ്പത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി, ഇത് ഏകദേശം 1.8 ശതമാനമാണ്.

കൃഷിയും ഭക്ഷ്യ പരിപാലനവും

1. 2015 സാമ്പത്തിക വർഷത്തിനും 2024 സാമ്പത്തിക വർഷത്തിനും മധ്യേ, കന്നുകാലി പരിപാലന മേഖല ശക്തമായ വളർച്ച കൈവരിച്ചു. GVA ഏകദേശം 195 ശതമാനം വർദ്ധിച്ചു. മത്സ്യബന്ധന മേഖലയും മികച്ച പ്രകടനം കാഴ്ചവച്ചു. 2004-14 നെ അപേക്ഷിച്ച് 2014-2024 കാലയളവിൽ മത്സ്യ ഉത്പാദനം 140 ശതമാനത്തിലധികം വർദ്ധിച്ചു.

2. കാലവർഷം സമൃദ്ധമായി ലഭിച്ചതോടെ, 2024-25 കാർഷിക വർഷത്തിൽ (AY) ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉത്പാദനം 3,577.3 ലക്ഷം മെട്രിക് ടണ്ണിൽ (LMT) എത്തിയതായി കണക്കാക്കപ്പെടുന്നു. മുൻ വർഷത്തേക്കാൾ 254.3 LMT വർദ്ധനവ്. അരി, ഗോതമ്പ്, ചോളം, ചെറുധാന്യങ്ങൾ(ശ്രീ അന്ന) എന്നിവയുടെ വൻതോതിലുള്ള ഉത്പാദനമാണ് ഈ വളർച്ചയ്ക്ക് കാരണമായത്.

3. ഭക്ഷ്യധാന്യ ഉൽപ്പാദനം വർദ്ധിക്കുന്നുണ്ടെങ്കിലും, കാർഷിക ജി.വി.എ (GVA) യുടെ ഏകദേശം 33% വരുന്ന ഹോർട്ടികൾച്ചർ കാർഷിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി ഉയർന്നുവന്നിട്ടുണ്ട്. 2024-25ൽ ഹോർട്ടികൾച്ചർ ഉൽപ്പാദനം 362.08 ദശലക്ഷം ടണ്ണിലെത്തി. ഇത് 357.73 ദശലക്ഷം ടണ്ണിന്റെ കണക്കാക്കിയ ഭക്ഷ്യധാന്യ ഉൽപ്പാദനത്തെ മറികടന്നു.

4. കാർഷിക വിപണനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി, ഗവൺമെന്റ് ഐ.എസ്.എ.എമ്മിന് കീഴിൽ അഗ്രികൾച്ചർ മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ഉപപദ്ധതിയും ഫാം-ഗേറ്റ് സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടും (AIF) നടപ്പിലാക്കുന്നു. ഇ-നാം (e-NAM) പദ്ധതിയിലൂടെ വില നിർണ്ണയം മെച്ചപ്പെടുത്തിയിട്ടുണ്ട്. 2025 ഡിസംബർ 31 വരെ 23 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,522 ചന്തകളും ഏകദേശം 1.79 കോടി കർഷകരെയും 2.72 കോടി കച്ചവ‌ടക്കാരെയും 4,698 എഫ്.പി.ഒകളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

5. നിർദ്ദിഷ്ട വിളകൾക്ക് ഉറപ്പുനൽകുന്ന കുറഞ്ഞ പിന്തുണ വിലയും (MSP) പി.എം-കിസാൻ വരുമാന കൈമാറ്റവും വഴി കർഷകരുടെ വരുമാനം ഉറപ്പാക്കുന്നു. കൂടാതെ, പി.എം കിസാൻ മാൻധൻ യോജന (PMKMY) പെൻഷൻ സഹായം നൽകുകയും കർഷകരുടെ വരുമാന സുരക്ഷയും സാമൂഹിക സംരക്ഷണവും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പി.എം-കിസാൻ ആരംഭിച്ചതുമുതൽ 21 ഗഡുക്കളായി 4.09 ലക്ഷം കോടി രൂപയിലധികം അർഹരായ കർഷകർക്ക് വിതരണം ചെയ്തു. 2025 ഡിസംബർ 31 വരെ പി.എം.കെ.എം.വൈ പ്രകാരം 24.92 ലക്ഷം കർഷകർ എൻറോൾ ചെയ്തിട്ടുണ്ട്.

സേവനങ്ങൾ: സ്ഥിരതയിൽ നിന്ന് പുതിയ അതിരുകളിലേക്ക്

1. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ജി.ഡി.പിയിലെ സേവനങ്ങളുടെ പങ്ക് 53.6 ശതമാനമായി ഉയർന്നു; ജി.വി.എയിൽ സേവനങ്ങളുടെ വിഹിതം എക്കാലത്തെയും ഉയർന്ന നിരക്കായ 56.4 ശതമാനത്തിലെത്തി. ഇത് ആധുനികവും വ്യാപാരയോഗ്യമായതും ഡിജിറ്റൽ രീതിയിൽ വിതരണം ചെയ്യപ്പെടുന്നതുമായ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ കാണിക്കുന്നു.

2. സേവനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമാണ്. ആഗോള സേവന വ്യാപാരത്തിൽ ഇന്ത്യയുടെ വിഹിതം 2005-ലെ 2 ശതമാനത്തിൽ നിന്ന് 2024-ൽ 4.3 ശതമാനമായി ഇരട്ടിയിലധികമായി വർദ്ധിച്ചു.

3. 2023-25 സാമ്പത്തിക വർഷത്തിൽ ആകെ എഫ്.ഡി.ഐയുടെ ശരാശരി 80.2 ശതമാനവും സേവന മേഖലയിലായിരുന്നു. മഹാമാരിക്ക് മുമ്പുള്ള കാലയളവിലെ (2016-20 സാമ്പത്തിക വർഷം) 77.7 ശതമാനത്തിൽ നിന്നാണ് ഈ വർദ്ധന.

വ്യവസായ മേഖലയുടെ അടുത്ത കുതിപ്പ്: ഘടനാപരമായ മാറ്റവും ആഗോള സംയോജനവും

1. ആഗോളതലത്തിൽ പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വ്യവസായ ജി.വി.എ 7.0% വളർച്ച കൈവരിച്ചതോടെ വ്യാവസായിക പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു.

2. നിർമ്മാണ മേഖലയിലെ വളർച്ച ത്വരിതഗതിയിലായി; ജി.വി.എ 2026 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 7.72 ശതമാനമായും രണ്ടാം പാദത്തിൽ 9.13 ശതമാനമായും വർദ്ധിച്ചു, ഇത് ഘടനാപരമായ വീണ്ടെടുക്കലിനെ പ്രതിഫലിപ്പിക്കുന്നു.

3. 14 മേഖലകളിലായുള്ള ഉല്പാദന-ബന്ധിത പ്രോത്സാഹന (PLI) പദ്ധതികൾ 2.0 ലക്ഷം കോടി രൂപയിലധികം യഥാർത്ഥ നിക്ഷേപം ആകർഷിച്ചു. ഇത് 2025 സെപ്റ്റംബർ വരെ 18.7 ലക്ഷം കോടി രൂപയിലധികം അധിക ഉൽപ്പാദനത്തിനും/വിൽപനയ്ക്കും 12.6 ലക്ഷത്തിലധികം തൊഴിലവസരങ്ങൾക്കും കാരണമായി.

4. ഇന്ത്യയുടെ നവീനാശയ പ്രകടനം ക്രമാനുഗതമായി ശക്തിപ്പെട്ടു; ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് റാങ്ക് 2019-ലെ 66-ൽ നിന്ന് 2025-ൽ 38-ലേക്ക് മെച്ചപ്പെട്ടു.

5. ഇന്ത്യ സെമികണ്ടക്ടർ മിഷൻ ആഭ്യന്തര ശേഷി വർദ്ധിപ്പിച്ചു; 6 സംസ്ഥാനങ്ങളിലായി 10 സെമികണ്ടക്ടർ നിർമ്മാണ-പാക്കേജിംഗ് പ്രോജക്റ്റുകൾക്ക് അംഗീകാരം ലഭിച്ചു, ഇതിൽ ഏകദേശം 1.60 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്നു.

നിക്ഷേപവും അടിസ്ഥാന സൗകര്യങ്ങളും: കണക്റ്റിവിറ്റി, ശേഷി, മത്സരക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നു

1. ഇന്ത്യാ ഗവൺമെന്റിന്റെ മൂലധനച്ചെലവ് 2018 സാമ്പത്തിക വർഷത്തിലെ 2.63 ലക്ഷം കോടി രൂപയിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ 11.21 ലക്ഷം കോടി രൂപയായി ഏകദേശം 4.2 മടങ്ങ് വർദ്ധിച്ചു. 2026 സാമ്പത്തിക വർഷത്തിലെ ഫലപ്രദമായ മൂലധനച്ചെലവ് 15.48 ലക്ഷം കോടി രൂപയാണ്, ഇത് അടിസ്ഥാന സൗകര്യങ്ങളെ വളർച്ചയുടെ പ്രധാന ചാലകമായി മാറ്റുന്നു.

2. ദേശീയ പാതാ ശൃംഖല 2014 സാമ്പത്തിക വർഷത്തിലെ 91,287 കിലോമീറ്ററിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ (ഡിസംബർ വരെ) 1,46,572 കിലോമീറ്ററായി ഏകദേശം 60 ശതമാനം വികസിച്ചു. അതിവേഗ ഇടനാഴികൾ പത്തിരട്ടിയോളം വർദ്ധിച്ചു. 2014 സാമ്പത്തിക വർഷത്തിലെ 550 കിലോമീറ്ററിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ (ഡിസംബർ വരെ) 5,364 കിലോമീറ്ററായി.

3. റെയിൽവേ അടിസ്ഥാന സൗകര്യ വികസനം തുടർന്നു; 2025 മാർച്ച് വരെ റെയിൽ ശൃംഖല 69,439 റൂട്ട് കിലോമീറ്ററിലെത്തി. 2026 സാമ്പത്തിക വർഷത്തിൽ 3,500 കിലോമീറ്റർ അധികമായി ലക്ഷ്യമിടുന്നു. 2025 ഒക്ടോബറോടെ 99.1 ശതമാനം വൈദ്യുതീകരണം കൈവരിച്ചു.

4. ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ മാറി; വിമാനത്താവളങ്ങളുടെ എണ്ണം 2014-ലെ 74-ൽ നിന്ന് 2025-ൽ 164-ലേക്ക് വർദ്ധിച്ചു.

5. ഊർജ്ജ മേഖലയിൽ തുടർച്ചയായ ശേഷി വർദ്ധനവ് രേഖപ്പെടുത്തി; സ്ഥാപിത ശേഷി 2025 നവംബർ വരെയുള്ള കാലയളവിൽ 11.6 ശതമാനം വർദ്ധിച്ച് 509.74 GW ആയി. ഡിമാൻഡ്-സപ്ലൈ വിടവ് 2014 സാമ്പത്തിക വർഷത്തിലെ 4.2 ശതമാനത്തിൽ നിന്ന് 2025 നവംബറോടെ പൂജ്യമായി കുറഞ്ഞു.

6. ഊർജ്ജ മേഖലയിലെ പരിഷ്കാരങ്ങൾ ചരിത്രപരമായ മാറ്റം കൊണ്ടുവന്നു; ഡിസ്‌കോമുകൾ 2025 സാമ്പത്തിക വർഷത്തിൽ ആദ്യമായി 2,701 കോടി രൂപയുടെ പോസിറ്റീവ് ലാഭം (PAT) രേഖപ്പെടുത്തി. കൂടാതെ AT&C നഷ്ടം 22.62 ശതമാനത്തിൽ നിന്ന് (FY14) 15.04 ശതമാനമായി (FY25) കുറഞ്ഞു. 2025 നവംബർ വരെ ആകെ ഊർജ്ജ ഉൽപ്പാദന ശേഷിയുടെ 49.83 ശതമാനവും പുനരുപയോഗ ഊർജ്ജമാണ്. പുനരുപയോഗ ഊർജ്ജത്തിലും സോളാർ ശേഷിയിലും ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്.

7. ടെലി-സാന്ദ്രത 86.76 ശതമാനത്തിലെത്തി, രാജ്യത്തെ 99.9 ശതമാനം ജില്ലകളിലും 5G സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്.

8. ജൽ ജീവൻ മിഷന് കീഴിൽ 2025 ഒക്ടോബർ വരെ 81 ശതമാനത്തിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പിലൂടെയുള്ള ശുദ്ധജലം ലഭ്യമാണ്.

9. ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെട്ടു; ഓട്ടണോമസ് സാറ്റലൈറ്റ് ഡോക്കിംഗ് (SpaDeX) കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. തദ്ദേശീയ ദൗത്യങ്ങൾ വിപുലീകരിച്ചു, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർദ്ധിച്ചു.


പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും: പ്രതിരോധശേഷിയുള്ളതും മത്സരക്ഷമതയുള്ളതും വികസനത്താൽ നയിക്കപ്പെടുന്നതുമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നു

1. 2025-26 കാലയളവിൽ (2025 ഡിസംബർ 31 വരെ) രാജ്യത്ത് ആകെ 38.61 GW പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 30.16 GW സോളാർ പവർ, 4.47 GW വിൻഡ് പവർ, 0.03 GW ബയോ-പവർ, 3.24 GW ഹൈഡ്രോ പവർ എന്നിവ ഉൾപ്പെടുന്നു.


വിദ്യാഭ്യാസവും ആരോഗ്യവും: നേട്ടങ്ങളും ഭാവിയിലേക്കുള്ള വഴികളും

1. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ സംവിധാനങ്ങളിലൊന്ന് പ്രവർത്തിപ്പിക്കുന്നു; 14.71 ലക്ഷം സ്കൂളുകളിലായി 24.69 കോടി വിദ്യാർത്ഥികൾക്ക് 1.01 കോടിയിലധികം അധ്യാപകർ സേവനം നൽകുന്നു (UDISE+ 2024-25).

2. അടിസ്ഥാന സൗകര്യങ്ങളും അധ്യാപക ശേഷിയും വർദ്ധിപ്പിക്കുന്നതിലൂടെ സ്കൂൾ പ്രവേശനത്തിൽ ഇന്ത്യ വലിയ നേട്ടങ്ങൾ കൈവരിച്ചു. പോഷൺ ശക്തി നിർമ്മാൺ, സമഗ്ര ശിക്ഷാ അഭിയാൻ തുടങ്ങിയ പദ്ധതികൾ പ്രാപ്യതയും തുല്യതയും പ്രോത്സാഹിപ്പിക്കുന്നു. ആകെ പ്രവേശന അനുപാതം (GER) പ്രൈമറി തലത്തിൽ 90.9 ഉം അപ്പർ പ്രൈമറിയിൽ 90.3 ഉം സെക്കൻഡറി തലത്തിൽ 78.7 ഉം, ഹയർ സെക്കൻഡറി തലത്തിൽ 58.4 ഉം ആണ്.


ഉന്നതവിദ്യാഭ്യാസം

3. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (HEI) എണ്ണം 2014-15 ലെ 51,534 ൽ നിന്ന് 2025 ജൂൺ വരെ 70,018 ആയി വർദ്ധിച്ചു. പ്രവേശനം ഗണ്യമായി മെച്ചപ്പെട്ടു. പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി വികസിച്ചു; ഇപ്പോൾ 23 ഐ.ഐ.ടികളും (IIT), 21 ഐ.ഐ.എമ്മുകളും (IIM), 20 എയിംസുകളും (AIIMS) ഉണ്ട്. സാൻസിബാറിലും അബുദാബിയിലും രണ്ട് അന്താരാഷ്ട്ര ഐ.ഐ.ടി ക്യാമ്പസുകളും സ്ഥാപിച്ചു.

4. ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കീഴിൽ നിരവധി പരിഷ്കാരങ്ങൾ നടന്നു.

a. അക്കാദമിക്, നൈപുണ്യ അധിഷ്ഠിത പഠനങ്ങളെ സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്ന നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) 170 സർവ്വകലാശാലകൾ അംഗീകരിച്ചു.

b. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് 2660 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്നു, 4.6 കോടിയിലധികം ഐഡികൾ നൽകി. ഇതിൽ ക്രെഡിറ്റുകളുള്ള 2.2 കോടി APAAR (ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി) ഐഡികളുടെ ജനറേഷൻ ഉൾപ്പെടുന്നു.

c. 2035 ആകുമ്പോഴേക്കും 50 ശതമാനം GER എന്ന NEP ലക്ഷ്യം കൈവരിക്കുന്നതിനായി 153 സർവകലാശാലകൾ സൗകര്യപ്രദമായ എൻട്രി-എക്സിറ്റ് പാതകളും ദ്വിവത്സര പ്രവേശനങ്ങളും അവതരിപ്പിച്ചു.

ആരോഗ്യം

5. 1990 മുതൽ ഇന്ത്യ മാതൃമരണ നിരക്ക് (MMR) 86 ശതമാനം കുറച്ചു, ഇത് ആഗോള ശരാശരിയായ 48 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ 78 ശതമാനം കുറവുണ്ടായി. ആഗോളതലത്തിൽ ഈ കുറവ് 61 ശതമാനം മാത്രമാണ്. കൂടാതെ, 1990-2023 കാലയളവിൽ ആഗോളതലത്തിൽ നവജാത ശിശുമരണ നിരക്കിലുണ്ടായ (NMR) 54 ശതമാനം കുറവിനെ മറികടന്ന് 70 ശതമാനം കുറവ് രേഖപ്പെടുത്താനും ഇന്ത്യക്ക് കഴിഞ്ഞു.

6. ശിശുമരണ നിരക്ക് (IMR) കഴിഞ്ഞ ദശകത്തിൽ 37 ശതമാനത്തിലധികം കുറഞ്ഞു. 2013 ൽ ആയിരം പ്രസവങ്ങളിലെ 40 മരണങ്ങളിൽ നിന്ന് 2023 ൽ 25 ആയി കുറഞ്ഞു.


തൊഴിലും നൈപുണ്യ വികസനവും; നൈപുണ്യ പരിശീലനം കാര്യക്ഷമമാക്കൽ

1. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (Q2 FY26) 15 വയസ്സും അതിനുമുകളിലും പ്രായമുള്ള മൊത്തം 56.2 കോടി ആളുകൾ തൊഴിലെടുക്കുന്നവരായി ഉണ്ടായിരുന്നു. ഇത് ഒന്നാം പാദത്തെ (Q1 FY26) അപേക്ഷിച്ച് രണ്ടാം പാദത്തിൽ ഏകദേശം 8.7 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതിനെ സൂചിപ്പിക്കുന്നു

2. സംഘടിത നിർമ്മാണ മേഖലയെ ഉൾക്കൊള്ളുന്ന വാർഷിക വ്യവസായ സർവേ (ASI) പ്രകാരം, 2024 സാമ്പത്തിക വർഷത്തിലെ ഫലങ്ങൾ നിർമ്മാണ മേഖലയുടെ കരുത്ത് വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് തൊഴിലവസരങ്ങളിൽ 6 ശതമാനം വാർഷിക വർദ്ധനവാണ് (YoY) ഉണ്ടായിരിക്കുന്നത്. ഇത് 2023 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2024-ൽ 10 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതിന് തുല്യമാണ്

3. ലേബർ കോഡുകൾ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളെ ഔദ്യോഗികമായി അംഗീകരിച്ചു, ഇത് സാമൂഹിക സുരക്ഷയും ക്ഷേമ നിധികളും വിപുലീകരിച്ചു.

4. 2026 ജനുവരി വരെ ഇ-ശ്രാം പോർട്ടലിൽ 31 കോടിയിലധികം അസംഘടിത തൊഴിലാളികൾ രജിസ്റ്റർ ചെയ്തു; ഇതിൽ 54 ശതമാനത്തിലധികം സ്ത്രീകളാണ്, ഇത് ലിംഗാധിഷ്ഠിത ക്ഷേമ പദ്ധതികളുടെ വ്യാപ്തിയെ ഗണ്യമായി ശക്തിപ്പെടുത്തുന്നു.

5. നാഷണൽ കരിയർ സർവീസ് (NCS) വഴി 59 ദശലക്ഷത്തിലധികം തൊഴിലന്വേഷകരും 5.3 ദശലക്ഷം തൊഴിൽ ദാതാക്കളും ബന്ധിപ്പിക്കപ്പെട്ടു. 80 ദശലക്ഷത്തോളം ഒഴിവുകൾ ഇതുവഴി ലഭ്യമാക്കി.

നൈപുണ്യ ആവാസവ്യവസ്ഥ

6. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക ലാബുകൾ, ഡിജിറ്റൽ ഉള്ളടക്കം, വ്യവസായവുമായി ബന്ധപ്പെട്ട ദീർഘകാല, ഹ്രസ്വകാല കോഴ്സുകൾ എന്നിവയിലൂടെ 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും ഉൾപ്പെടെ 1,000 ഗവൺമെന്റ് ഐടിഐകളെ നവീകരിക്കാൻ ദേശീയ ഐടിഐ അപ്‌ഗ്രഡേഷൻ പദ്ധതി നിർദ്ദേശിക്കുന്നു.

ഗ്രാമവികസനവും സാമൂഹിക പുരോഗതിയും; പങ്കാളിത്തത്തിൽ നിന്ന് സഹകരണത്തിലേക്ക്

1. ലോകബാങ്ക് അന്താരാഷ്ട്ര ദാരിദ്ര്യരേഖ പ്രതിദിനം 2.15 ഡോളറിൽ നിന്ന് 3.00 ഡോളറായി ഉയർത്തി. 2021-ലെ വിലനിലവാരത്തെ അടിസ്ഥാനമാക്കിയുള്ള പണത്തിന്റെ വാങ്ങൽ ശേഷിക്ക് അനുസൃതമായാണ് ഈ മാറ്റം വരുത്തിയത്. പുതുക്കിയ അന്താരാഷ്ട്ര ദാരിദ്ര്യരേഖ (IPL) പ്രകാരം, 2022-23 കാലയളവിൽ ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം 5.3 ശതമാനവും, താഴ്ന്ന ഇടത്തരം വരുമാന ദാരിദ്ര്യം 23.9 ശതമാനവുമാണ്.
2. 2022 സാമ്പത്തിക വർഷം മുതൽ പൊതു ഗവൺമെന്റിന്റെ സാമൂഹിക സേവന ചെലവ് (എസ്‌എസ്‌ഇ) വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നു.
3. 2023-24 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി (GDP) യുടെ 7 ശതമാനമായിരുന്ന സാമൂഹിക സേവന ചെലവ്, 2024-25ൽ (RE) 7.7 ശതമാനമായും 2025-26 സാമ്പത്തിക വർഷത്തിൽ (BE) 7.9 ശതമാനമായും ഉയർന്നു.

ഗ്രാമീണ സാമ്പത്തിക ഭദ്രത

4. 2025 ഡിസംബർ വരെ, ഡ്രോൺ സർവേയ്ക്കായി വിജ്ഞാപനം ചെയ്ത ഏകദേശം 3.44 ലക്ഷം ഗ്രാമങ്ങളെ ലക്ഷ്യമിട്ട്, SVAMITVA യുടെ കീഴിലുള്ള ഡ്രോൺ സർവേ 3.28 ലക്ഷം ഗ്രാമങ്ങളിൽ പൂർത്തിയായി. ഏകദേശം 1.82 ലക്ഷം ഗ്രാമങ്ങൾക്കായി 2.76 കോടി പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്. ലീഡ് ഫെർട്ടിലൈസർ കമ്പനികൾ 2023-24 ൽ സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച് SHG ഡ്രോൺ ദിദിസിന് 1,094 ഡ്രോണുകൾ വിതരണം ചെയ്തു, ഇതിൽ 500 ഡ്രോണുകൾ നമോ ഡ്രോൺ ദീദി സ്കീമിന് കീഴിൽ നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ എ.ഐ (AI) ആവാസവ്യവസ്ഥയുടെ പരിണാമം: ഭാവിയിലേക്കുള്ള വഴി

വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന ചെറുതും നിർദ്ദിഷ്ടവുമായ മോഡലുകൾ നവീകരണത്തെ കൂടുതൽ തുല്യമായി വ്യാപിക്കാൻ അനുവദിക്കുന്നു. ഇത് കമ്പനികൾക്ക് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള തടസ്സങ്ങൾ കുറയ്ക്കുകയും ഇന്ത്യയുടെ വൈവിധ്യമാർന്ന സാമ്പത്തിക സാഹചര്യങ്ങൾക്ക് കൂടുതൽ അനുയോജ്യമാവുകയും ചെയ്യുന്നു. ഇന്ത്യയുടെ എ.ഐ (AI) ആവശ്യകത ഉയർന്നുവരുന്നത് കേവലമായ സാങ്കൽപ്പിക പരീക്ഷണങ്ങളിൽ നിന്നല്ല, മറിച്ച് യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നാണ്. ആരോഗ്യ സംരക്ഷണം, കൃഷി, നഗര മാനേജ്‌മെന്റ്, വിദ്യാഭ്യാസം, ദുരന്ത നിവാരണം, പൊതുഭരണം എന്നിവയിലുടനീളം പ്രാദേശിക ഹാർഡ്‌വെയറുകളിൽ പ്രവർത്തിക്കുന്നതും പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്നതുമായ എ.ഐ സംവിധാനങ്ങൾക്കായുള്ള ആവശ്യകത വർദ്ധിച്ചുവരികയാണ്.

നഗരവൽക്കരണം: ഇന്ത്യൻ നഗരങ്ങളെ പൗരന്മാർക്കായി സജ്ജമാക്കുന്നു

അതിവേഗ പ്രാദേശിക കണക്റ്റിവിറ്റിക്ക് എങ്ങനെ നഗരങ്ങളിലെയും നഗരപ്രാന്തങ്ങളിലെയും തൊഴിൽ വിപണികളെ മാറ്റിമറിക്കാൻ കഴിയുമെന്ന് ‘നമോ ഭാരത് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം’ (RRTS) വ്യക്തമാക്കുന്നു. നഗരങ്ങളും അവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ, ഇത്തരം സംവിധാനങ്ങൾ തൊഴിലവസരങ്ങളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുകയും ബഹുകേന്ദ്ര വികസനത്തെ പിന്തുണയ്ക്കുകയും പ്രധാന മെട്രോ നഗരങ്ങളിലെ തിരക്കും സമ്മർദ്ദവും കുറയ്ക്കുകയും ചെയ്യുന്നു.

ഇറക്കുമതി ബദലിൽ നിന്ന് തന്ത്രപരമായ കരുത്തിലേക്കും അത്യന്താപേക്ഷിതമായ സാന്നിധ്യത്തിലേക്കും

1. ‘സ്വദേശി’ എന്നത് ചിട്ടയായ ഒരു തന്ത്രമായിരിക്കണം; കാരണം എല്ലാ ഇറക്കുമതി ബദലുകളും പ്രായോഗികമോ അഭികാമ്യമോ അല്ല. സ്വദേശിവൽക്കരണത്തോടുള്ള ചിട്ടയായ സമീപനം മൂന്ന് തലങ്ങളുള്ള ഒരു ചട്ടക്കൂടിലൂടെയാണ് അവതരിപ്പിക്കുന്നത്: തന്ത്രപരമായ അടിയന്തര പ്രാധാന്യമുള്ള നിർണ്ണായക മേഖലകൾ, സാമ്പത്തികമായി ലാഭകരവും തന്ത്രപരമായ നേട്ടങ്ങൾ നൽകുന്നതുമായ കഴിവുകൾ, തന്ത്രപരമായ പ്രാധാന്യം കുറഞ്ഞതോ അല്ലെങ്കിൽ പകരം സംവിധാനം ഉണ്ടാക്കാൻ വലിയ ചെലവ് വരുന്നതോ ആയ മേഖലകൾ.

2. മിതമായ നിരക്കിലുള്ളതും വിശ്വസനീയവുമായ അസംസ്‌കൃത വസ്തുക്കളെയും സേവനങ്ങളെയും അംഗീകരിച്ചുകൊണ്ട്, മത്സരക്ഷമതയെ ഒരു അടിസ്ഥാന സൗകര്യമായി കണക്കാക്കുന്ന ഒരു ദേശീയ ഇൻപുട്ട് കോസ്റ്റ് റിഡക്ഷൻ സ്ട്രാറ്റജി’ ആവശ്യമാണ്.

3. ‘സ്വദേശി’യിൽ നിന്ന് തന്ത്രപരമായ കരുത്തിലേക്കും അവിടെ നിന്ന് ലോകത്തിന് ഒഴിവാക്കാനാവാത്ത സാന്നിധ്യത്തിലേക്കുമുള്ള പുരോഗതിയാണിത്. ഇതിലൂടെ ബുദ്ധിപരമായ ഇറക്കുമതി ബദലുകൾ ദേശീയ ശക്തിയിൽ നിക്ഷേപം നടത്തുകയും ആത്യന്തികമായി ഇന്ത്യയെ ആഗോള വ്യവസ്ഥിതിയുടെ ഭാഗമാക്കുകയും ചെയ്യുന്നു. അങ്ങനെ ലോകം “ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിൽ” നിന്ന് “ചിന്തിക്കാതെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങുന്ന” അവസ്ഥയിലേക്ക് മാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!