ഇന്‍ഫാം രജതജൂബിലി സമാപനം  31-01-26, ശനിയാഴ്ച  കേരള മുഖ്യമന്ത്രി പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്യും

പൊടിമറ്റം (കാഞ്ഞിരപ്പള്ളി): ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ (31-01-26, ശനി) വൈകുന്നേരം 4.30ന് കേരള മുഖ്യമന്ത്രി . പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ആവിഷ്‌കരിക്കുന്ന പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.  ഇന്‍ഫാം മുഖ്യ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷതവഹിക്കും  . ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖ പ്രഭാഷണം നടത്തും. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ജോസ് കെ. മാണി എംപി, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വര്‍ഗീസ്, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി എന്നിവര്‍ പ്രസംഗിക്കും.
ഇന്‍ഫാമിന്റെ വിവിധ സംസ്ഥാനങ്ങളിലും കാര്‍ഷികജില്ലകളിലും നിന്നുള്ളവര്‍ ഉള്‍പ്പെടെ പതിനായിരത്തില്‍പരം ആളുകള്‍ യോഗത്തില്‍ പങ്കെടുക്കും.

സമാപനാഘോഷങ്ങളുടെ ഭാഗമായി ശനി {31-1-26) രാവിലെ 10.30ന് നടക്കുന്ന നാഷണല്‍ കിസാന്‍ കാര്‍ണിവല്‍ – കൈക്കോട്ടും ചിലങ്കയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും. പാറശാല രൂപത ബിഷപ്പും കാര്‍ഷികജില്ല രക്ഷാധികാരിയുമായ തോമസ് മാര്‍ യൗസേബിയോസ് മുഖ്യ പ്രഭാഷണം നടത്തും. യോഗത്തില്‍ ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കലിനെ ആദരിക്കും. മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റെജി രാജു, സനല്‍കുമാര്‍ എന്‍.എസ്., കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് ഇന്‍ഫാം കേരള, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍ഫാം പ്രവര്‍ത്തകര്‍ തങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!