കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലെ കോഴികളെയും സമീപപ്രദേശങ്ങളിലെ പക്ഷികളെയും ചൊവ്വാഴ്ച മുതൽ കൊന്നൊടുക്കാൻ അധികൃതർ തീരുമാനിച്ചു. ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഏകദേശം രണ്ടേക്കറിലായി വ്യാപിച്ചുകിടക്കുന്ന ഫാമിൽ മൂവായിരത്തോളം കോഴികളാണ് ഉണ്ടായിരുന്നത്. ഇതിൽ 500-ഓളം കോഴികൾ പെട്ടെന്ന് ചത്തു വീണതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2,500 കോഴികളാണ് ഫാമിലുള്ളത്.
