എരുമേലി:ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിനൊരുങ്ങി എരുമേലി. ഞായർ പകൽ 12ന് എരുമേലി കൊച്ചമ്പലത്തിൽ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ തുടങ്ങും. ദേഹമാസകലം വിവിധ വർണപ്പൊടികൾ വിതറി, നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ അകമ്പടിയോടെ പേട്ടതുള്ളിയെത്തുന്ന അമ്പലപ്പുഴ സംഘത്തെ എരുമേലി വാവര് പള്ളി(നൈനാർ പള്ളി) കവാടത്തിൽ എരുമേലി മഹല്ലാ ജമാഅത്ത് ഭാരവാഹികൾ ചേർന്ന് സ്വീകരിക്കും. സംഘത്തിലെ പെരിയസ്വാമിയെ പച്ച ഷാൾ അണിയിച്ച് സ്വീകരിക്കും. പള്ളിയുടെ മുകളിൽനിന്ന് ഇതേ സമയം പുഷ്പവൃഷ്ടിയുമുണ്ടാകും.
പള്ളിക്ക് വലംവച്ച് പേട്ടതുള്ളിയെത്തുന്ന സംഘത്തോടൊപ്പം വാവരുസ്വാമിയും പോയി എന്ന ഐതിഹ്യം മുൻനിർത്തി വാവരുടെ പ്രതിനിധിയായി ആസാദ് താഴത്തുവീട്ടിൽ അമ്പലപ്പുഴ സംഘത്തെ വലിയമ്പലം വരെ അനുഗമിക്കും. പകൽ മൂന്നോടെ കൊച്ചമ്പലത്തിൽനിന്ന് അലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. ഈ സംഘം വാവരുപള്ളിയുടെ കവാടം വരെ എത്തുമെങ്കിലും
പള്ളിവളപ്പിൽ കയറാറില്ല. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമിയും പോയി
എന്ന ഐതിഹ്യമാണ് ഇതിന് പിന്നിൽ. ഇരുകൂട്ടരെയും വലിയമ്പലം കവാടത്തിൽ ദേവസ്വം ബോർഡ് ഭാരവാഹികൾ സ്വീകരിക്കും.