ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള സന്ദര്‍ശക നിയന്ത്രണം ഒഴിവാക്കുന്നതിന് തീരുമാനമായതായി മന്ത്രി റോഷി അഗസ്റ്റിന്.
ഇടുക്കി മണ്ഡലത്തില്‍ കെഎസ്ഇബിയുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
കഴിഞ്ഞ മൂന്നിന് വിദഗ്ധ സംഘത്തോടൊപ്പമുള്ള അണക്കെട്ട് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് വൈദ്യുതി മന്ത്രിയും കെഎസ്ഇബി ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി മന്ത്രി റോഷി യോഗം ചേര്‍ന്നത്.
അടുത്ത മാസം ആദ്യം തന്നെ ഇടുക്കി അണക്കെട്ട് കാൽനടയാത്രികരായ സന്ദര്‍ശകര്‍ക്കായും തുറന്നുകൊടുക്കും.
നിലവില്‍ ബഗ്ഗി കാറില്‍ ദിവസം 800 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിക്കുന്നത്.
ഇത് അണക്കെട്ടിൽ ഒരാൾ അതിക്രമിച്ച് കടന്ന് ഷട്ടറിന്റെ റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചങ്ങലയിട്ട് പൂട്ടുകയും ചെയ്ത സംഭവത്തെത്തുടർന്നാണ് കാൽനടയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ഈ നിയന്ത്രണം ഒഴിവാക്കി കാല്‍നടയായും സന്ദര്‍ശകരെ അനുവദിക്കണമെന്ന മന്ത്രി റോഷിയുടെ നിര്‍ദേശമാണ് യോഗത്തില്‍ അംഗീകരിച്ചത്.
