ദീപാവലിയുടെ ഈ ശുഭവേളയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ:നരേന്ദ്ര മോദി

Letter from the Prime Minister       എൻ്റെ പ്രിയപ്പെട്ട നാട്ടുകാരെ,     ഊർജസ്വലതയും ആവേശവും നിറഞ്ഞ ഉത്സവമായ ദീപാവലിയുടെ ഈ ശുഭവേളയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ മഹത്തായ നിർമാണത്തിനുശേഷമുള്ള രണ്ടാമത്തെ ദീപാവലിയാണിത്. ധർമം ഉയർത്തിപ്പിടിക്കാൻ നമ്മെ പഠിപ്പിച്ച ശ്രീരാമഭഗവാൻ, അനീതിക്കെതിരെ പോരാടാനുള്ള ധൈര്യം നമുക്കേകുകയും ചെയ്യുന്നു. ഏതാനും മാസങ്ങൾക്കുമുമ്പു നടന്ന ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ ഇതിന്റെ ജീവസ്സുറ്റ ഉദാഹരണം നാം കണ്ടു. ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ, ഇന്ത്യ ധർമം ഉയർത്തിപ്പിടിക്കുക മാത്രമല്ല, അനീതിക്കു പകരംവീട്ടുകയും ചെയ്തു.     ഈ ദീപാവലി പ്രത്യേകിച്ചും സവിശേഷമാണ്. എന്തെന്നാൽ, ഇതാദ്യമായി, വിദൂരമേഖലകൾ ഉൾപ്പെടെ, രാജ്യത്തുടനീളമുള്ള നിരവധി ജില്ലകളിൽ ദീപങ്ങൾ തെളിക്കും. നക്സലിസവും മാവോയിസ്റ്റ് ഭീകരതയും വേരോടെ പിഴുതെറിയപ്പെട്ട ജില്ലകളാണിവ. അടുത്തകാലത്ത്, നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വാസം പ്രകടിപ്പിച്ചു നിരവധി വ്യക്തികൾ അക്രമത്തിന്റെ പാത ഉപേക്ഷിച്ചു വികസനത്തിന്റെ മുഖ്യധാരയിൽ ചേരുന്നതിനു നാം സാക്ഷ്യംവഹിച്ചു. ഇതു രാഷ്ട്രത്തിനു വലിയ നേട്ടമാണ്.     ഈ ചരിത്രനേട്ടങ്ങൾക്കിടയിലും, കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം അടുത്തതലമുറ പരിഷ്കാരങ്ങൾക്കു തുടക്കംകുറിച്ചു. നവരാത്രിയുടെ ആദ്യ ദിവസംതന്നെ കുറഞ്ഞ GST നിരക്കുകൾ നടപ്പാക്കി. ഈ “GST ബചത് ഉത്സവ്” (സമ്പാദ്യോത്സവം) വേളയിൽ, പൗരന്മാർക്കു ലാഭിക്കാനാകുന്നത് ആയിരക്കണക്കിനു കോടിരൂപയാണ്.     വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു ലോകത്ത്, സ്ഥിരതയുടെയും സംവേദനക്ഷമതയുടെയും പ്രതീകമായി ഇന്ത്യ ഉയർന്നുവരികയാണ്. സമീപഭാവിയിൽ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറാനുള്ള പാതയിലാണു നാം.     “വികസിത്-ആത്മനിർഭർ ഭാരത്” (വികസിതവും സ്വയംപര്യാപ്ത വുമായ ഇന്ത്യ) എന്ന ഈ യാത്രയിൽ, രാഷ്ട്രത്തോടുള്ള നമ്മുടെ കടമകൾ നിറവേറ്റുക എന്നതാണു പൗരന്മാരെന്ന നിലയിൽ നമ്മുടെ പ്രാഥമിക ഉത്തരവാദിത്വം.     നമുക്കു “സ്വദേശി” (പ്രാദേശിക ഉൽപ്പന്നങ്ങൾ) സ്വീകരിക്കാം; “ഇതു സ്വദേശി ഉൽപ്പന്നമാണ്!” എന്ന് അഭിമാനത്തോടെ പറയാം. “ഏകഭാരതം, ശ്രേഷ്ഠഭാരതം” എന്ന മനോഭാവം നമുക്കു പ്രോത്സാഹിപ്പിക്കാം. എല്ലാ ഭാഷകൾക്കും നമുക്ക് ആദരമേകാം. ശുചിത്വം പാലിക്കാം. നമ്മുടെ ആരോഗ്യത്തിനു മുൻഗണനയേകാം. നമ്മുടെ ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം 10% കുറയ്ക്കുകയും യോഗ പരിശീലിക്കുകയും ചെയ്യാം. ഈ ശ്രമങ്ങളെല്ലാം നമ്മെ “വികസിത ഭാരതത്തിലേക്ക്” അതിവേഗം നയിക്കും.     ഒരു ദീപത്തിൽനിന്നു മറ്റൊരു ദീപം കൊളുത്തുമ്പോൾ അതിന്റെ വെളിച്ചം കുറയുന്നില്ല; പകരം, അതു കൂടുതൽ വർധിക്കുകയാണു ചെയ്യുന്നത് എന്നു ദീപാവലി നമ്മെ പഠിപ്പിക്കുന്നു. അതേ മനോഭാവത്തോടെ, ഈ ദീപാവലിയിൽ നമ്മുടെ സമൂഹത്തിലും ചുറ്റുപാടുകളിലും ഐക്യത്തിന്റെയും സഹകരണത്തിന്റെയും ശുഭചിത്തതയുടെയും ദീപങ്ങൾ നമുക്കു തെളിക്കാം.
ഒരിക്കൽകൂടി, നിങ്ങൾക്കേവർക്കും ഏറെ ആഹ്ലാദകരമായ ദീപാവലി ആശംസിക്കുന്നു.     നിങ്ങളുടെ സ്വന്തം,
നരേന്ദ്ര മോദി  Letter from the Prime Minister     

2 thoughts on “ദീപാവലിയുടെ ഈ ശുഭവേളയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ:നരേന്ദ്ര മോദി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!