പത്തനംതിട്ടയിൽ ഭക്തർക്ക് കുടുതൽ സൗകര്യങ്ങൾ

പത്തനംതിട്ട : ശബരിമല മണ്ഡലകാലത്തിനായുള്ള ഒരുക്കം തുടങ്ങി പത്തനംതിട്ട നഗരസഭ. ജില്ലയിലെ ഏറ്റവും വലിയ ഇടത്താവളമായ പത്തനംതിട്ട താഴെ വെട്ടിപ്രം ഇടത്താവളത്തിൽ ആയിരം പേർക്ക് വിരിവയ്ക്കാൻ സൗകര്യമൊരുക്കും. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം ക്രമീകരണം ഒരുക്കുന്നത് നഗരസഭയുടെ നേതൃത്വത്തിലാണ്. അയ്യപ്പസേവാ സമാജമാണ് ഭക്ഷണ ക്രമീകരണം നടത്തുന്നത്. വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി, താഴെവെട്ടിപ്രം ഭാഗത്ത് കൂടി കടന്നുപോകുന്ന ജല അതോറിട്ടി പൈപ്പ് ലൈൻ താത്കാലികമായി നീട്ടി സ്ഥാപിക്കുന്നതിന് നടപടിയെടുക്കും. നിലവിലുള്ള ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി ഉപയോഗിക്കും. അതിന് പുറമേ താത്കാലിക ടൊയ്ലറ്റ് സംവിധാനവും തയ്യാറാക്കും.ഇടത്താവളത്തിൽ മുഴുവൻ സമയവും രണ്ട് ജീവനക്കാരുടെ സേവനം ഉറപ്പാക്കും. അലോപ്പതി , ആയുർവേദം, ഹോമിയോ ഉൾപ്പെടെയുള്ള മെഡിക്കൽ സൗകര്യം ലഭ്യമാക്കും. ഹോമിയോ മരുന്നുകൾ സൂക്ഷിക്കാൻ ആവശ്യമായ സജ്ജീകരണവും മുഴുവൻ സമയവും ഒരു ആംബുലൻസിന്റെ സേവനവും ഉണ്ടാകും.
വിവിധ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്തസംഘം കഴിഞ്ഞ ദിവസം ഇടത്താവളത്തിൽ പരിശോധന നടത്തി വിപുലമായ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് നടപടിയായി. നഗരസഭാദ്ധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിന്റെ തുടർച്ചയായാണ് സംഘം സന്ദർശനം നടത്തിയത്. ആലോചനാ യോഗത്തിൽ വിവിധ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അയ്യപ്പ സമാജം പ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ പല നിർദേശങ്ങൾ ഉയർന്നുവന്നു. മുനിസിപ്പൽ എൻജിനിയർ, ക്ലീൻസിറ്റി മാനേജർ, റവന്യു ഓഫീസർ എന്നിവരെ കൂടാതെ ജലഅതോറിട്ടി അസിസ്റ്റന്റ് എൻജിനിയറും അടങ്ങുന്ന സംഘമാണ് ഇടത്താവളത്തിൽ സന്ദർശനം നടത്തിയത്.

ഇടത്താവളത്തിൽ ശുദ്ധീകരിച്ച ജലം ശേഖരിക്കാൻ ക്രമീകരണം ഒരുക്കും. . ഒരു കൗണ്ടറിലാണ് കുടിവെള്ളം ക്രമീകരിക്കുക. ഒന്നോ രണ്ടോ രൂപയുടെ നാണയം നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളമെന്ന നിരക്കിൽ ഇവിടെനിന്ന് ലഭ്യമാകും. ഹരിതചട്ടം പാലിച്ചുകൊണ്ടാവും എല്ലാ പ്രവർത്തനവും നടക്കുക.വൈദ്യുതി സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!