തിരുവനന്തപുരം : 2025 ഒക്ടോബർ 06
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഏകദിന ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ ഏഴിന് രാവിലെ 10:30 ന് തമ്പാനൂരിലെ ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) ശ്രീ. അരുൺ കുമാർ ചാറ്റർജി ചടങ്ങിനെ അഭിസംബോധന ചെയ്യും. നൂതനാശയം, സുരക്ഷ, സഹകരണം എന്നിവയിലൂടെ വിദേശ റിക്രൂട്ട്‌മെന്റ് പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് കോൺക്ലേവ്. കേരള ഗവൺമെൻ്റിന്റെ നോൺ റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുമായി (നോർക്ക) ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ വഞ്ചന തടയുന്നതിനുള്ള വഴികളും മാർഗങ്ങളും പരാതി പരിഹാര സംവിധാനങ്ങളും കോൺക്ലേവ് ചർച്ച ചെയ്യുമെന്ന് പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) മേജർ ശശാങ്ക് ത്രിപാഠി അറിയിച്ചു. അഞ്ച് സെഷനുകളിലായി പുതിയ കുടിയേറ്റ രംഗങ്ങളിലെ (EU, ജപ്പാൻ, GCC, കാനഡ) ആവശ്യകത മനസ്സിലാക്കൽ, കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ നൈപുണ്യ വികസനം – നൈപുണ്യമുള്ളതും ഭാവിക്ക് അനുയോജ്യമായതുമായ ഒരു പ്രതിഭാ അടിത്തറ കെട്ടിപ്പടുക്കൽ, ന്യായവും സുതാര്യവുമായ കുടിയേറ്റത്തിലേക്കുള്ള വഴികൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ശ്രീമതി ജിന ഉയിക, ശ്രീ. സുരീന്ദർ ഭഗത്, ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ ശ്രീ. അരവിന്ദ് മേനോൻ, പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) മേജർ. ശശാങ്ക് ത്രിപാഠി, റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ശ്രീമതി, ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ശ്രീ. ആസിഫ് കെ യൂസഫ് ,കെഡിഐഎസ്‌സി മെമ്പർ സെക്രട്ടറി ശ്രീ. പി.വി, ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ അജിത് കൊളശ്ശേരി, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ്-ചെയർമാൻ ശ്രീ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ശ്രീമതി അനുപമ ടി. വി. തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 8:30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 9:30 ന് ആദ്യ സെഷൻ ആരംഭിക്കും.
