എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് 9-)o വാർഡ് തുമരംപാറയിലെ 77 വർഷം പിന്നിട്ട തുമരംപാറ ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന ഒരു കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന കർമ്മം ഒക്ടോബർ 4-)o തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാരും, തൊഴിലാളികളും, ചെറുകിട -നാമമാത്ര കൃഷിക്കാരും മറ്റ് സാധാരണക്കാരും മാത്രം തിങ്ങിപ്പാർക്കുന്ന തുമരംപാറയിലെ ഏക പൊതുവിദ്യാലയമാണ് തുമരംപാറ ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂൾ. വളരെയേറെ കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിടം ഏതാനും വർഷങ്ങളായി അങ്ങേയറ്റം ശോച്യാവസ്ഥയിലായിരുന്നു. മുൻവർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങൾ മൂലം കെട്ടിടം കൂടുതൽ ജീർണ്ണാവസ്ഥയിലുമായിരുന്നു. സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ച് സ്കൂൾ പി.ടി.എയും, പ്രദേശവാസികളും ,
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ക്ക് നിവേദനം നൽകിയതിനെ തുടർന്ന് പുതിയ സ്കൂൾ കെട്ടിട നിർമ്മാണത്തിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന ഒരു കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുകയാണ്. രണ്ടു നിലകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിൽ 5 ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ടോയ്ലറ്റ് എന്നീ കാര്യങ്ങളാണ് ഒന്നാം ഘട്ടമായി ഉൾപ്പെടുത്തിയിട്ടുള്ളത്.
ഉദ്ഘാടന സമ്മേളനത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി അധ്യക്ഷത വഹിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ എൻ.കെ സ്വാഗതം ആശംസിക്കും. കെട്ടിട നിർമ്മാണത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ. ദീപ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ അജി , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി എസ് കൃഷ്ണകുമാർ, ജൂബി അഷറഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ലിസി സജി, പ്രകാശ് പള്ളിക്കൂടം, ബിനോയി ഇലവുങ്കൽ, ഊരു മൂപ്പന്മാരായ രാജൻ അറക്കുളം, കേശവൻ പാറക്കൽ, അജി കാവുങ്കൽ, കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. സുൽഫിക്കർ, മുൻ പി എസ് സി മെമ്പർ പി.കെ വിജയകുമാർ, ഐടിഡിപി ജില്ലാ പ്രോജക്ട് ഓഫീസർ സജു എസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജയേഷ് കെ. വി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരായ അശോക് കുമാർ പതാലിൽ, ഗിരീഷ് കുമാർ എം.വി , ജോസ് ഇളയാനി തോട്ടം, രജനി ചന്ദ്രശേഖർ, കെ. പി മുരളി, ബിനു മറ്റക്കര, രാജീവ് പറപ്പള്ളി, വിവിധ സമുദായ സംഘടന പ്രതിനിധികളായ പ്രസന്നൻ പറപ്പള്ളി , ജേക്കബ് മാത്യു ഇളയാനി തോട്ടം, സുൽത്താൻ ഇളപ്പുങ്കൽ, ദിലീപ് കുമാർ കൊല്ലമല, ഷാജി വെൺമാന്തറ, സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളായ കെ.പി ബാബു, അഫ്സൽ ഖാൻ കുഴിക്കാട്ടിൽ , അരുൺകുമാർ പി.ജി, കണ്ണിമല സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ലില്ലിക്കുട്ടി ബാബു തുടങ്ങിയവർ പ്രസംഗിക്കും. പിടിഎ പ്രസിഡന്റ് രമ്യ സുനീഷ് കൃതജ്ഞത പ്രകാശിപ്പിക്കും. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി സ്കൂൾ പ്രവർത്തിക്കാൻ കഴിയുന്ന വിധമാണ് നിർമ്മാണ പ്രവർത്തികൾ ക്രമീകരിച്ചിരിക്കുന്നത് എന്നും എംഎൽഎ അറിയിച്ചു
